കൊച്ചി: നടി പീഡിപ്പിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരന്‍ അനൂപിനോടു തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞദിവസം ഹാജരാകണമെന്ന് അനൂപിനോടു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണു വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന നിലവില്‍ പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കകം ഇതിന്റെ റിപ്പോര്‍ട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ലഭിക്കും.

കേസില്‍ ഇതു നിര്‍ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതിനുശേഷമാകും ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യുക. മൊബൈല്‍ ഫോണുകളില്‍നിന്നു സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണു അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

മാത്രമല്ല, പ്രതികള്‍ക്കെതിരേ കൂടുതല്‍ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകും ചോദ്യംചെയ്യല്‍.
നേരത്തെ കോടതി നിര്‍ദേശപ്രകാരം ദിലീപ് അടക്കമുള്ള പ്രതികള്‍ മൂന്നുദിവസത്തെ ചോദ്യംചെയ്യലിനു ഹാജരായിരുന്നു.

ഇതിനുശേഷമാണു ദിലീപ് അടക്കമുള്ളവര്‍ക്കു കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക