കൊച്ചി: സില്‍വര്‍ ലൈിനില്‍ സര്‍വേ നടപടികള്‍ തുടരാന്‍ സര്‍ക്കാറിന് അനുമതി നല്‍കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കെ റെയില്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ഹരജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

സി.പി.ആര്‍ തയ്യാറാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സര്‍ക്കാര്‍ വാദങ്ങള്‍ കണക്കിലെടുക്കാതെ ഏകപക്ഷീയമാണെന്നും, സര്‍വേ നിര്‍ത്തിവെക്കുന്നത് പദ്ധതിച്ചെലവ് കുത്തനെ കൂട്ടാന്‍ കാരണമാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തേ സാമൂഹികാഘാത സര്‍വേ നടത്തുന്നതിന് സര്‍ക്കാരിന് മുന്നില്‍ നിയമപരമായ തടസ്സമൊന്നുമില്ലെന്ന് സര്‍ക്കാര്‍ അപ്പീലില്‍ വാദം കേള്‍ക്കവേ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സര്‍വേ ആന്റ് ബൗണ്ടറി ആക്ട് പ്രകാരം സര്‍വേ നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാല്‍ ഡി.പി.ആറിന് അനുമതി കിട്ടാത്ത പശ്ചാത്തലത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നതാണ് നല്ലതെന്നാണ് റെയില്‍വേ സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ അറിയിച്ചത്.

എന്നാല്‍ സര്‍വേ തടഞ്ഞ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ ഇനി നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും, സമരം തുടരുമെന്നും കെ റയില്‍ വിരുദ്ധസമരസമിതി അറിയിച്ചു. അതേസമയം, പദ്ധതിയുടെ സാമ്പത്തികകാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്ന കണക്കുകള്‍ വിശ്വസനീയമല്ലെന്നുമുള്ള നിലപാടാണ് കേന്ദ്രം ഹൈക്കോടതിയില്‍ സ്വീകരിച്ചത്. വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മാത്രമേ അന്തിമാനുമതി നല്‍കാനാകൂ എന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.

കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവെന്നും ഡി.പി.ആര്‍ തയാറാക്കിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കെ റെയില്‍ പദ്ധതിക്കുള്ള ഡി.പി.ആര്‍ തയാറാക്കുന്നതിനു മുമ്പ് എങ്ങനെ പ്രിലിമിനറി സര്‍വേ നടത്തിയെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. വിശദ പദ്ധതി രേഖ എങ്ങനെ തയാറാക്കിയതെന്നും വിശദ പദ്ധതി രേഖയ്ക്കായി പരിഗണിച്ച എന്തെല്ലാം ഘടകങ്ങളാണെന്നും കോടതി ചോദിച്ചിരുന്നു. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ നടത്തുന്നതെന്നും കോടതി സര്‍ക്കാരിനോട് നേരത്തെ ചോദിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക