ലഖ്‌നൗ: ഹിജാബില്‍ തൊടാന്‍ ശ്രമിക്കുന്നവരുടെ കൈവെട്ടി മാറ്റുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് റുബീന ഖാനം. ഹിജാബ് വിഷയത്തില്‍ അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചതിന് പിന്നാലെയാണ് റുബീന ഖാനത്തിന്റെ പ്രതികരണം. ഇന്ത്യയുടെ പെണ്‍മക്കളുടെ മാനം വെച്ച് കളിക്കാന്‍ സമ്മതിക്കില്ലെന്നും റുബീന പറഞ്ഞു. ‘ഇന്ത്യയിലെ പെണ്‍മക്കളുടെ മാനം വെച്ച് കളിക്കാന്‍ ശ്രമിച്ചാല്‍, അവര്‍ ജാന്‍സി റാണിയെയും റസിയ സുല്‍ത്താനയെയും പോലെയാകാനും അവരുടെ ഹിജാബില്‍ തൊടുന്നവരുടെ കൈ വെട്ടാനും അധികം താമസമുണ്ടാവില്ല,’ റുബീന കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണെന്നും ഒരു വ്യക്തിയുടെ നെറ്റിയില്‍ തിലകമുണ്ടോ എന്നും തലപ്പാവോ ഹിജാബ് ധരിക്കുന്നുണ്ടോ എന്നതും ഇവിടെയൊരു പ്രശ്‌നമല്ലെന്നും അവര്‍ പറഞ്ഞു. ‘ഘുന്‍ഘട്ടും, ഹിജാബും ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ്. ഈ കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിച്ച് വിവാദം സൃഷ്ടിക്കുന്നത് ഭയാനകമാണ്,’ റുബീന കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏത് പാര്‍ട്ടിക്കും സര്‍ക്കാര്‍ ഉണ്ടാക്കാം, ഭരിക്കാം എന്നാല്‍ സ്ത്രീകളെ പരിഗണിക്കുമ്പോള്‍ അവരെ ദുര്‍ബലരായി കാണരുതെന്നും അവര്‍ പറഞ്ഞു. കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ യൂണിവേഴ്സിറ്റി കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിക്കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്നതും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ എത്തുന്നതിനെ എതിര്‍ത്ത് ഹിന്ദുത്വ വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് എത്തിയത് അക്രമത്തില്‍ കലാശിച്ചിരുന്നു. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് വിഷയത്തില്‍ ഇടപെടുകയും മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക