ബെംഗളൂരു: ഹിജാബ് വിഷയത്തില്‍ കര്‍ണാടകയില്‍ ഹിന്ദുത്വ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം കനക്കുന്നു. കാവി ഷാളണിഞ്ഞ് പ്രകടനവും മുദ്രാവാക്യം വിളിയുമായി പ്രതിഷേധം നടത്തിയവര്‍, ഒരു പടി കടന്നാണ് ഹിജാബിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധം കടുപ്പിക്കുന്നത്. കര്‍ണാടകയിലെ ഷിമോഗ (ഷിവമോഗ)യിലെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തിന്റെ പേരില്‍ ഇന്ത്യന്‍ ദേശീയ പതാക മാറ്റി കാവി പതാക ഉയര്‍ത്തിയത്. കൊടിമരത്തിന് മുകളില്‍ ഒരു വിദ്യാര്‍ത്ഥി കയറി കാവിക്കൊടി കെട്ടുന്നതും താഴെ നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനം നടത്തുന്നതുമാണ് വീഡിയോയിലുള്ളത്. ചുറ്റിലും നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കാവിക്കൊടിയും ഷാളും വീശുന്നതും വീഡിയോയില്‍ കാണാം.

പ്രതിഷേധങ്ങളുടെ പേരില്‍ ഷിമോഗയില്‍ രാവിലെ കല്ലേറുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് പൊലീസ് 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ പതാക മാറ്റി പകരം കാവി പതാക സ്ഥാപിച്ച നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ‘കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസ്ഥ കൈവിട്ടുപോവുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ക്രമസമാധാനം പുനഃസ്ഥാപിക്കാനായി ഈ കോളേജുകള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചിടണം,’ കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് കോളേജുകള്‍ സ്വീകരിച്ചിരിക്കുന്നത്. കോളേജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്. എന്നാല്‍, ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയും പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നത്. അതേസമയം ഹിജാബ് നിരോധനത്തില്‍ വിദ്യാര്‍ത്ഥികളുടെ സമരം തുടരുകയാണ്. തിങ്കളാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടന്നു.

കോളേജുകളില്‍ പ്രവേശനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. ഹരജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. എന്നാല്‍ ഹരജിയിന്മേല്‍ കോടതിയില്‍ നിന്നും വിധി വരുന്നത് വരെ വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ പ്രവേശിക്കാനാവില്ല. അതായത് ഹൈക്കോടതിയില്‍ നിന്നും വിധി വരാന്‍ വൈകിയാലോ കേസ് നീണ്ടുപോയാലോ, നിലവില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജിന് പുറത്ത് തന്നെ തുടരേണ്ട സ്ഥിതിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക