കോഴിക്കോട്: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ദൗത്യം ഏറ്റെടുത്ത് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് ചെന്നിത്തലയ്ക്ക് പുതിയ ചുമതല നല്‍കിയത്. എ.ഐ.സി.സിയുടെ സീനിയര്‍ നിരീക്ഷകനായാണ് നിയമിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെയും ചുമതല ചെന്നിത്തലക്കായിരിക്കും.

ഫെബ്രുവരി 19നാണ് തമിഴ്നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. 21 കോര്‍പറേഷന്‍, 138 മുനിസിപ്പാലിറ്റി, 490 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 22ന് ഫലം പ്രഖ്യാപിക്കും. ചെന്നിത്തല മുമ്പും വിവിധ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘടനാ കാര്യങ്ങളുടെ ചുമതയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് നിയമനം സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കന്മാരെ മുതിര്‍ന്ന നിരീക്ഷകരായി നിയമിക്കാറുണ്ട്.

ഗോവയില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ മുതിര്‍ന്ന നിരീക്ഷകനായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അവിടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതേസമയം, തമിഴ്നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങിയിരിക്കുകയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിലില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് തമിഴ്നാട് ബി.ജെ.പി നേതൃത്വം അറിയിച്ചത്.

തദ്ദേശതെരഞ്ഞെടുപ്പില്‍ മാത്രമാണ് സഖ്യമില്ലാതെ മത്സരിക്കുന്നതെന്നും എന്നാല്‍ സംസ്ഥാനതലത്തില്‍ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്നും ബി.ജെ.പി അറിയിച്ചു. നിരവധി സാങ്കേതിക പ്രശ്നങ്ങളുള്ളതിനാല്‍ തദ്ദേശതലങ്ങളില്‍ എ.ഐ.എ.ഡി.എം.കെയുമായി സീറ്റ് ധാരണ ശരിയാവില്ലെന്നും ചര്‍ച്ചകള്‍ പരാജയപ്പെട്ടുവെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക