കൊല്‍ക്കൊത്ത: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടിയില്‍ നിന്നും , തൃണമൂല്‍ നേതാവും ബംഗാള്‍ വനംവകുപ്പ് മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക് ഇറങ്ങിപ്പോയി. ബി.ജെ.പി എം.പി അര്‍ജുന്‍ സിംഗ് വേദിയിലെത്തിയതോടയാണ് മല്ലിക് വേദിവിട്ട് ഇറങ്ങിപ്പോയത്.

അത്രയും സമയം ഗവര്‍ണര്‍ക്കൊപ്പം വേദിയിലിരുന്ന മല്ലിക്, ബരാക്പൂര്‍ എം.പിയായ അര്‍ജുന്‍ സിംഗ് എത്തിയതോടെയാണ് ഒന്നും പറയാതെ വേദിയില്‍ നിന്നും ഇറങ്ങിപ്പോയത്. ഒരു കൊലപാതകി വേദിയിലെത്തിയെന്നും അയാള്‍ക്കൊപ്പം വേദി പങ്കിടാന്‍ താല്‍പര്യമില്ലെന്നുമാണ് മല്ലിക് പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഒരു കൊലയാളിയാണ് വേദിയിലെത്തിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധമറിയിച്ച് ഞാന്‍ വേദിയില്‍ നിന്നും ഇറങ്ങിപ്പോവുകയാണ്. ഞാന്‍ കാണികള്‍ക്കൊപ്പം ഇരിക്കാന്‍ പോവുന്നു,’ മല്ലിക് പറഞ്ഞു. തൃണമൂല്‍ നേതാവ് ഗോപാല്‍ മജുംദാറിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മല്ലിക് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം അര്‍ജുന്‍ സിംഗിന്റെ മണ്ഡലമായ ബരാക്പൂരില്‍ വെച്ച് ഗോപാല്‍ അജ്ഞാതരുടെ കൈകൊണ്ട് കൊല്ലപ്പെടുകയായിരുന്നു.

എന്നാല്‍ ഗോപാല്‍ മജുംദാറിന്റെ മരണത്തിന് പിന്നില്‍ തൃണമൂല്‍ തന്നെയാണ് എന്നായിരുന്നു അര്‍ജുന്‍ സിംഗിന്റെ വാദം. തൃണമൂലിനുള്ളില്‍ത്തന്നെ ഉടലെടുത്ത തര്‍ക്കങ്ങള്‍ കാരണമാണ് ഗോപാല്‍ മജുംദാറിനെ കൊല്ലാന്‍ പാര്‍ട്ടി തന്നെ രംഗത്തെത്തിയത് എന്നായിരുന്നു അര്‍ജുന്റെ പ്രതികരണം.

”മഹാത്മാഗാന്ധി മുന്നോട്ടുവെച്ച ആശയങ്ങളായ അഹിംസയിലും ജനാധിപത്യത്തിലും അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ് അവരുടെ പ്രവര്‍ത്തകരെ കൊല്ലുന്നത്,’ അര്‍ജുന്‍ സിംഗ് പറഞ്ഞു.

അതേസമയം മല്ലിക് വേദിവിട്ട് ഇറങ്ങിപ്പോയതിനെ കുറിച്ച് അര്‍ജുന്‍ സിംഗ് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാല്‍ വേദിയില്‍ നിന്നും ഇറങ്ങി വന്നതിനുള്ള കാരണം മല്ലിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ‘പ്രോട്ടോക്കോള്‍ പ്രകാരം സര്‍ക്കാരിന്റെ പ്രതിനിധിയായാണ് ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്.

എന്നാല്‍ ഒരു കൊലപാതകത്തിന്റെ സൂത്രധാരന്‍ എന്ന നിലയില്‍ ഞങ്ങള്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ച ഒരാള്‍ക്കൊപ്പം വേദി പങ്കിടാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല,’ മല്ലിക് പറയുന്നു. താന്‍ ചടങ്ങ് പകുതി വെച്ച് നിര്‍ത്തിപ്പോന്നിട്ടില്ലെന്നും കാണികള്‍ക്കൊപ്പം സദസില്‍ തന്നെ ഇരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക