കൊല്ലം: ചവറ ഗവ. ബിജെഎം കോളേജില്‍ എസ്‌എസ്‌എഫ് പ്രവര്‍ത്തകനെ എസ്‌എഫ്‌ഐ പ്രവർത്തകർ മര്‍ദ്ദിച്ചു. എസ്‌എഫ്‌ഐക്കെതിരെ സമൂഹമാധ്യമങ്ങളില്‍ സ്റ്റാറ്റസ് ഇട്ടതിനാണ് കോളേജിനു പുറത്തുനിന്നെത്തിയ സംഘം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ നസീമിനെ ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

ഇന്നലെ ഉച്ചയ്ക്കാണ് കോളേജിനു പുറത്തുനിന്നെത്തിയ രണ്ടുപേര്‍ നസീമിനെ മര്‍ദിച്ചത്. രണ്ടുപേര്‍ വന്ന് കോളേജിലെ ഒഴിഞ്ഞ ക്ലാസ്മുറിയുടെ പിന്നിലേക്ക് തന്നെ കൊണ്ടുപോകുകയും മൊബൈലിലെ ഒരു സ്റ്റാറ്റസ് സ്‌ക്രീന്‍ഷോട്ട് കാണിക്കുകയും ചെയ്‌തെന്ന് നസീം പറഞ്ഞു. സ്റ്റാറ്റസ് താന്‍ തന്നെ ഇട്ടതാണോ എന്ന് ചോദിച്ചു. അതെയെന്നു പറഞ്ഞപ്പോള്‍ രണ്ടുപേരും ചേര്‍ന്ന് ശക്തമായി മര്‍ദിക്കുകയായിരുന്നു. ഇനിയും എസ്‌എഫ്‌ഐക്കെതിരെ എഴുതിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നും കോളേജില്‍ പഠനം തുടരാനാകില്ലെന്നും ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥി പറഞ്ഞു. വധഭീഷണിയുണ്ടായതായും പരാതിയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാംപസുകളില്‍ എസ്‌എഫ്‌ഐ തുടരുന്ന ഉദാര ലൈംഗിക, ലിബറല്‍ നയങ്ങള്‍ക്കെതിരെ മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനക്കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന്റെ പേരിലാണ് ആക്രമണം. സംഭവത്തില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ആശയങ്ങള്‍ക്ക് മൂര്‍ച്ചയില്ലാതാകുമ്പോള്‍ ആയുധമെടുക്കുന്നത് രാഷ്ട്രീയമല്ലെന്ന് എസ്‌എസ്‌എഫ് കൊല്ലം ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു. ബിജെഎം കോളേജില്‍ എസ്‌എസ്‌എഫ് പ്രവര്‍ത്തകനെതിരായ എസ്‌എഫ്‌ഐ ആക്രമണം രാഷ്ട്രീയഭീരുത്വമാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ നേതാക്കള്‍ പ്രതികരിച്ചു.

എസ്‌എഫ്‌ഐക്കെതിരായ വിമര്‍ശനങ്ങള്‍ ഇനി സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് വച്ചാല്‍ പരീക്ഷ എഴുതാന്‍ ബാക്കിവച്ചേക്കില്ലെന്ന് ഭീഷണി മുഴക്കിക്കൊണ്ടായിരുന്നു അക്രമം. അക്രമസംഭവം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടി നിയമനടപടികള്‍ സ്വീകരിക്കണമെന്നും എസ്‌എസ്‌എഫ് കൊല്ലം ജില്ലാ കാംപസ് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക