പാറ്റ്‌ന: റിപബ്ലിക് ദിനത്തില്‍ ട്രെയിനിന് തീയിട്ട് ബീഹാറിലെ വിദ്യാര്‍ത്ഥികള്‍. റെയില്‍വെ തൊഴില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിലാണ് ഒരു പാസഞ്ചര്‍ ട്രെയിന് തീ വെക്കുകയും മറ്റൊരു തീവണ്ടിക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗയയില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ തീയിട്ട ട്രെയിനിന്റെ ബോഗിയില്‍ തീ പടര്‍ന്നുന്നതും അഗ്നിശമനാ ഉദ്യോഗസ്ഥര്‍ തീയണക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരീക്ഷ രണ്ട് ഘട്ടമായി നടത്താന്‍ റെയില്‍വേ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിഷേധങ്ങളുണ്ടായത്. രണ്ടാം ഘട്ട പരീക്ഷകള്‍ നടത്തുന്നത്, ആദ്യ ഘട്ടത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികളോടുള്ള അനീതിയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ ഒരു പരീക്ഷയെ കുറിച്ച് മാത്രമാണ് പറയുന്നതെന്നും, സര്‍ക്കാര്‍ തങ്ങളുടെ ഭാവി ഉപയോഗിച്ചാണ് ഇപ്പോള്‍ കളിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍ രണ്ടാം ഘട്ട പരീക്ഷയെ കുറിച്ച് നോട്ടിഫിക്കേഷനില്‍ വ്യക്തമായി തന്ന പ്രതിപാദിക്കുന്നുണ്ടെന്നാണ് റെയില്‍വെ മന്ത്രാലയം പറയുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് നടത്തിയ പരീക്ഷ റദ്ദാക്കിയെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി ഉന്നതാധികാര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘വിദ്യാര്‍ത്ഥികളോട് നിയമം കയ്യിലെടുക്കരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. അവര്‍ ഉന്നയിച്ച പരാതികളും ആളങ്കകളും ഗൗരവമായി പരിഗണിക്കും. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ കേള്‍ക്കാനും പരിഹരിക്കുന്നതിനുമായി എല്ലാ റെയില്‍വെ റിക്രൂട്ട്‌മെന്റ് ചെയര്‍മാന്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പരാതികള്‍ അയക്കുന്നതിനായി ഒരു ഇ മെയില്‍ അഡ്രസ് സജ്ജമാക്കിയിട്ടുണ്ട്, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ചെന്ന് ഞങ്ങള്‍ അവരുടെ പരാതികള്‍ കേള്‍ക്കും,’ റെയില്‍വെ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ പ്രതിഷേധം സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി തീവണ്ടികള്‍ റദ്ദാക്കുകയും പല ട്രെയിനുകളും വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക