തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരായ അപകീര്‍ത്തിക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി. നഷ്ടപരിഹാരമായി വി.എസ്​ പത്ത്​ ലക്ഷം രൂപ ഉമ്മന്‍ ചാണ്ടിക്ക്​ നല്‍കണമെന്ന്​ കോടതി ഉത്തരവ്​.

സോളാര്‍ വിവാദത്തില്‍, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശമാണ്​ കേസിന് ആസ്പദമായ സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസിലാണ്​ 10,10,000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍​ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് ജഡ്‌ജി ഷിബു ഡാനിയേല്‍ ഉത്തരവായത്​.

റിപ്പോര്‍ട്ടര്‍ ചാനലില്‍ 2013 ജൂലൈ ആറിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ്. ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്ബനിയുണ്ടാക്കി സോളാര്‍ തട്ടിപ്പ് നടത്തുന്നെന്നായിരുന്നു വി.എസിന്‍റെ ആരോപണം. ഇത്​ ചോദ്യം ചെയ്താണ്​ ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചത്​. 2019 സെപ്റ്റംബര്‍ 24 ന് ഉമ്മന്‍ ചാണ്ടി കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കി.

താന്‍ അഴിമതിക്കാരനാണെന്ന ധാരണ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ വി.എസിന്‍റെ ആരോപണങ്ങള്‍ ഇടയാക്കിയതായി മൊഴിയില്‍ പറഞ്ഞു. കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ മൂന്നു​പേരെ കോടതി വിസ്‌തരിച്ചു.

നഷ്ടപരിഹാര തുകയോടൊപ്പം ആറു​ ശതമാനം ബാങ്ക് പലിശയും എതിര്‍കക്ഷിയായ വി.എസ് നല്‍കണം. വിധിക്കെതിരെ ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് വി.എസ്. അച്യുതാനന്ദന്‍റെ അഭിഭാഷകന്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക