തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തുകയും വേഗത്തില്‍ സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. അഞ്ച് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. രാഷ്ട്രീയകക്ഷി ഭേദമില്ലാതെ എല്ലാവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണെന്നും അവര്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ടി.പി.ആര്‍. മാനദണ്ഡമാക്കുന്നത് അശാസ്ത്രീയമാണ്. നിലവിലുള്ള 1,99,041 കേസുകളില്‍ മൂന്ന് ശതമാനം മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ .7 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകള്‍ ആവശ്യമുള്ളത്. ഐ.സി.യു. ആവശ്യമുള്ളത് 0.6 രോഗികള്‍ക്ക് മാത്രമാണ്. നിലവില്‍ മെഡിക്കല്‍ കോളജുകളിലെ വെന്റിലേറ്റര്‍ ഉപയോഗത്തില്‍ കുറവ് വന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോഗ്യവകുപ്പ് ക്ലസ്റ്റര്‍ മാനേജ്മെന്റ് ഗൈഡ് ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീമുണ്ടായിരിക്കണം. തെരഞ്ഞെടുക്കുന്ന ടീം അംഗങ്ങള്‍ക്ക് ഓഫീസുകളില്‍ പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കണം. ഇതിനായി ആരോഗ്യവകുപ്പില്‍ നിന്ന് പിന്തുണ നല്‍കും. ഒരു ചെക് ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുകയാണ് ഇവരുടെ പ്രധാന ഉത്തരവാദിത്തം.

പത്തിലധികം ആളുകള്‍ക്ക് ഒരു സ്ഥലത്ത് കോവിഡ് ബാധിച്ചാല്‍ ആ സ്ഥാപനമോ സ്ഥലമോ ലാര്‍ജ് ക്ലസ്റ്ററായി കണക്കാക്കും. അത്തരത്തില്‍ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളുണ്ടെങ്കില്‍ വകുപ്പുകളുടെ നിര്‍ദേശമനുസരിച്ച് നിശ്ചിത ദിവസങ്ങളിലേക്ക് സ്ഥാപനം അടച്ചിടണം. എല്ലാ സ്ഥാപനങ്ങളിലും വെന്റിലേറ്റഡ് സ്പേസസ് ഉറപ്പാക്കണം.

ഓഫീസുകളില്‍ കൃത്യമായ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പൂര്‍ണമായ അടച്ചിടല്‍ അവസാന ഓപ്ഷനായി വേണം കണക്കാക്കാന്‍. രോഗലക്ഷണങ്ങളുള്ള ജീവനക്കാര്‍ വേഗം പരിശോധന നടത്തണം. ലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ടെസ്റ്റ് നടത്തിയ ശേഷമേ ആശുപത്രിയിലെത്താവൂ. സംസ്ഥാനത്ത് ടാര്‍ഗഗെറ്റഡ് പോപുലേഷന്റെ നൂറ് ശതമാനവും വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക