കല്‍പറ്റ: പുളിയാര്‍മല ഐ.ടി.ഐയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ എസ്.ഐക്കും എം.എസ്.എഫ് നേതാവിനും പരിക്ക്. യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുമ്ബുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് കല്‍പറ്റ പുളിയാര്‍മല ഐ.ടി.ഐയില്‍ വെള്ളിയാഴ്ച വീണ്ടും വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ കല്‍പറ്റ എസ്.ഐ പി.പി. അഖില്‍, എം.എസ്.എഫ് കല്‍പറ്റ നിയോജക മണ്ഡലം പ്രസിഡന്‍റ് സുഹൈല്‍ തലക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുഹൈലിന് മുഖത്തും എസ്.ഐക്ക് നെഞ്ചിലുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന് ഗുരുതര പരിക്കേറ്റ ഫായിസ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച വോട്ടെടുപ്പിന് പിന്നാലെ എസ്.എഫ്.ഐ, യു.ഡി.എസ്.എഫ് വിദ്യാര്‍ഥികള്‍ വെവ്വേറെ കൂട്ടമായി നില്‍ക്കുകയായിരുന്നു. ഇതില്‍ യു.ഡി.എസ്.എഫ് വിദ്യാര്‍ഥികള്‍ നിന്നിടത്തേക്ക് പുറത്തുനിന്ന് ഡി.വൈ.എഫ്.ഐക്കാര്‍ വന്ന് പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നെന്ന് എം.എസ്.എഫ് വിദ്യാര്‍ഥികള്‍ ആരോപിച്ചു. പിടിച്ചുമാറ്റുന്നതിനിടയിലാണ് എസ്.ഐക്ക് മര്‍ദനമേറ്റത്. കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുമ്ബും കോളജില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് യു.ഡി.എസ്.എഫ് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി അജ്മല്‍, എം.എസ്.എഫ് കല്‍പറ്റ മുനിസിപ്പല്‍ പ്രസിഡന്‍റ് അംജദ് ബിന്‍ അലി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്.എഫ്.ഐ ആക്രമണത്തിന് കടിഞ്ഞാണിടണം -എം.എസ്.എഫ്

കല്‍പറ്റ: ജില്ലയില്‍ ഐ.ടി.ഐ തെരഞ്ഞെടുപ്പുകളുടെ മറവില്‍ എസ്.എഫ്.ഐ നടത്തുന്ന ആക്രമണത്തിന് കടിഞ്ഞാണിടാന്‍ പൊലീസ് തയാറാവണമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കല്‍പറ്റ ഐ.ടി.ഐയിലും വെള്ളമുണ്ട ഐ.ടി.ഐയിലും ഡി.വൈ.എഫ്.ഐ പിന്തുണയോടെ ആയുധങ്ങളുമായി സംഘടിച്ചെത്തിയാണ് എം.എസ്.എഫ്, കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചത്. എം.എസ്.എഫ് ജില്ല ട്രഷറര്‍ മുനവ്വറലി സാദത്തിന്‍റെ കാര്‍ കൈനാട്ടി ഗവ. ആശുപത്രിക്ക് സമീപം തടഞ്ഞ് മര്‍ദിക്കുകയും വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തു. വെള്ളമുണ്ടയില്‍ ഒരു പ്രകോപനവുമില്ലാതെ എം.എസ്.എഫിന്‍റെയും കെ.എസ്.യുവിന്‍റെയും കൊടിമരങ്ങള്‍ തകര്‍ത്തു. സേനയിലെ അംഗങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായിട്ടും സി.പി.എം ഭീഷണി ഭയന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ലെന്നും എം.എസ്.എഫ് വയനാട് ജില്ല പ്രസിഡന്‍റ് സഫ്വാന്‍ വെള്ളമുണ്ട, ജന. സെക്രട്ടറി പി.എം. റിന്‍ഷാദ് എന്നിവര്‍ വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണം -എസ്.എഫ്.ഐ

കല്‍പറ്റ: കല്‍പറ്റ ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പ് നടക്കവേ വിദ്യാര്‍ഥിനി നേതാക്കളുള്‍പ്പെടെയുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച കല്‍പറ്റ എസ്.ഐ അഖില്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

കോളജിലെ എസ്.എഫ്.ഐ സ്ഥാനാര്‍ഥികളെ കാമ്ബസിനു പുറത്തുനിന്നും എത്തിയ യൂത്ത് ലീഗുകാരുടെ ആക്രമണത്തില്‍നിന്നും പ്രതിരോധിക്കുന്നതിനിടെയാണ് എസ്.ഐ അഖിലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വനിത പൊലീസിന്‍റെ പോലും സാന്നിധ്യമില്ലാതെ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചതെന്ന് കമ്മിറ്റി ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക