പാലാ : തനിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾ നടത്തിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ സമരം നടത്തേണ്ടി വരുന്നത് നാടിന് നാണക്കേടാണ് എന്ന് കെ.കെ രമ എം.എൽ.എ. കേരള കോൺഗ്രസിന്റെ സൈബർ ആക്രമണത്തിൽ പരാതി നൽകിയിട്ടും പൊലീസ് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സൂര്യ സഞ്ജയ് നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം പാലാ കുരിശ് പള്ളി കവലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സമരം ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചതിന് ശേഷം എനിക്ക് വന്ന സന്ദേശങ്ങളിൽ ഏറെയും സമരത്തിൽ പങ്കെടുക്കരുത് എന്ന് ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു. സൂര്യയുടെ സമരം സഭയ്ക്കും പള്ളിക്കും എതിരെയാണ് എന്നായിരുന്നു ഇവരുടെ പ്രചാരണം. ഈ സാഹചര്യവും, ഇത്തരം പ്രചാരണവും വ്യക്തമാക്കുന്നത് ഒന്നാണ്. ഇന്ന് ഇവിടെ നടക്കുന്ന സമരം എതിർപക്ഷത്ത് നിൽക്കുന്നവരെ എത്രത്തോളം അസംതൃപ്തരാക്കുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിൽ നീതി ലഭിക്കാതെ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നത് നമ്മൾ കാണുന്നത്. ആത്മഹത്യ ചെയ്യുകയോ , സമരം ചെയ്യുകയോ ചെയ്യാതെ കേരളത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കില്ല എന്ന സന്ദേശമാണ് ഇപ്പോൾ ലഭിക്കുന്നത്. സ്ത്രീ സുരക്ഷ ഉറപ്പ് നൽകി അധികാരത്തിൽ കയറിയ സർക്കാർ ഭരിക്കുമ്പോഴാണ് കേരളത്തിൽ സ്ത്രീകൾക്ക് ഈ ഗതി ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു.

നീതിയ്ക്ക് വേണ്ടി സൂര്യ നടത്തുന്ന സമരത്തെ അവഗണിക്കാനാണ് പൊലീസും സർക്കാരും ശ്രമിക്കുന്നതെങ്കിൽ കോൺഗ്രസിന്റെ മറ്റൊരു രൂപം കൂടി ഇനി കാണേണ്ടി വരുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ ഒരു സ്ത്രീയെ അധിക്ഷേപിച്ചിട്ട് യാതൊരു നടപടിയും എടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല. ഇത് അക്ഷരാർത്ഥത്തിൽ നിയമ സംവിധാനം ഇഷ്ടക്കാർക്ക് തീറെഴുതിയതിന് സമാനമാണ്. സഹന സമരം കോൺഗ്രസിന്റെ ദൗർബല്യമായി കരുതരുത്. സൂര്യയ്ക്കൊപ്പം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഒപ്പമുണ്ട്. അതുകൊണ്ടു തന്നെ ഈ സമരത്തിന്റെ തുടർച്ച ഇനിയും ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.

കോൺഗ്രസ് പാലാ ബ്ളോക്ക് പ്രസിഡന്റ് സതീഷ് ചൊള്ളാനി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഭരണങ്ങാനം ബ്ളോക്ക് പ്രസിഡന്റ് റോയി മാത്യു എലിപ്പുലിക്കാട്ട് സ്വാഗതം ആശംസിച്ചു. മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ ജോഷി ഫിലിപ്പ് , ബിജു പുന്നത്താനം , എ.കെ ചന്ദ്രമോഹൻ , സി.ടി രാജൻ, ആർ. സജീവ്, ഫിലിപ്പ് ജോസഫ് , ശോഭ സലിമോൻ , ഡോ.പി.ആർ സോന എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക