പത്തനംതിട്ട: ശബരിമലയില്‍ വീണ്ടും യുവതി പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡ് അധികൃതരും ഗൂഢാലോചന നടത്തിയതായി വിഎച്ച്‌പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി. ദേവസ്വം ബോര്‍ഡിലെ തന്നെ ചിലരാണ് ഇക്കാര്യത്തെക്കുറിച്ച്‌ വിവരം നല്‍കിയത്. ഇത്തവണ യുവതികളെത്തിയാല്‍ തടയുമെന്നും വിജി തമ്പി പറഞ്ഞു.

ശബരിമല മണ്ഡലകാല മഹോത്സവം തകര്‍ക്കാനുള്ള നീക്കമാണ് സര്‍ക്കാരും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടത്തുന്നത്. മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. മണ്ഡല കാലത്തിന് തൊട്ടുമുമ്പ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റിയത് ശരിയായ നടപടി അല്ല. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നില്ല. ഭക്തരെ അകറ്റി നിര്‍ത്താനാണ് ശ്രമം നടക്കുന്നതെന്നും വിജി തമ്പി ആരോപിച്ചു. ശബരിമലയിലേയ്ക്കുള്ള റോഡുകള്‍ സഞ്ചാര യോഗ്യമല്ല. പത്തനംതിട്ട- ളാഹ-നിലയ്ക്കല്‍ റോഡ് മാസങ്ങളായി തകര്‍ന്ന് കിടക്കുന്നു. പരമ്പരാഗത പാത തുറന്നിട്ടില്ല. എല്ലാവരും സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് പോകേണ്ടത്. ട്രാക്ടര്‍, ഡോളി തുടങ്ങിയവയ്ക്കും പോകേണ്ടത് ഇതുവഴിയാണ്. വീതി കുറഞ്ഞ വഴിയിലൂടെയുള്ള യാത്ര ഭക്തരുടെ ജീവന് ഭീഷണിയായിരിയ്ക്കുമെന്നും വിജി തമ്പി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സന്നിധാനത്ത് ദയനീയമാണെന്ന് വിഎച്ച്‌പി കുറ്റപ്പെടുത്തുന്നു. ശൗചാലയമില്ല. കുടിവെള്ളമില്ല. സാംക്രമിക രോഗങ്ങള്‍ പടരാന്‍ എല്ലാവിധ സാഹചര്യവുമുണ്ട്. പമ്ബയില്‍ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിയ്ക്കാന്‍ ഒരു വ്യവസ്ഥയും ഇല്ല. ആകെയുള്ളത് നടപ്പന്തലാണ്. ഇവിടെ വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കിയിരിയ്ക്കുകയാണ്. പ്രായമായവര്‍, കുട്ടികള്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് വിശ്രമിയ്ക്കാന്‍ സൗകര്യമില്ലെന്നും വിഎച്ച്‌പി കുറ്റപ്പെടുത്തുന്നു.

ദേവസ്വം ബോര്‍ഡിന്റെ പിടിവാശി കാരണം കടകള്‍ ലേലത്തിന് എടുക്കാന്‍ ആളില്ല. വെള്ളം, ഭക്ഷണം എന്നിവ പോലും ലഭിയ്ക്കാന്‍ സാഹചര്യമില്ലെന്നും വി എച്ച്‌ പി നേതാക്കള്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക