യുഎഇ: ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ന്യൂസീലൻഡിന് ആധികാരിക ജയം. 8 വിക്കറ്റിനാണ് ന്യൂസീലൻഡിൻ്റെ ജയം. അഫ്ഗാൻ മുന്നോട്ടുവച്ച 125 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടക്കുകയായിരുന്നു. ബാറ്റ് ചെയ്ത താരങ്ങളെല്ലാം വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 40 റൺസ് നേടിയ ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ആണ് അവരുടെ ടോപ്പ് സ്കോറർ. ജയത്തോടെ കിവീസ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സെമിയിൽ പ്രവേശിച്ചു. തോൽവിയോടെ അഫ്ഗാനിസ്ഥാനും ഇന്ത്യയും പുറത്തായി. സെമിയിൽ ന്യൂസീലൻഡ് ഇംഗ്ലണ്ടിനെയാവും നേരിടുക.

കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസീലൻഡിന് മികച്ച തുടക്കമാണ് ഓപ്പണർമാർ ചേർന്ന് നൽകിയത്. വേഗത്തിൽ സ്കോർ ചെയ്ത അവർ ആദ്യ വിക്കറ്റിൽ 26 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഡാരൽ മിച്ചലിനെ പുറത്താക്കിയ മുജീബ് റഹ്മാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാം നമ്പറിലെത്തിയ വില്ല്യംസൺ നങ്കൂരമിട്ട് കളിച്ചു. ഗപ്റ്റിൽ ഇടക്കിടെ ബൗണ്ടറികൾ നേടിക്കൊണ്ടിരുന്നതിനാൽ ന്യൂസീലൻഡിൻ്റെ ഇന്നിംഗ് അനായാസം മുന്നോട്ടുപോയി. 31 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവിൽ ഗപ്റ്റിൽ (28) മടങ്ങി. റാഷിദിനായിരുന്നു വിക്കറ്റ്. ഇതോടെ റാഷിദ് ടി-20യിൽ 400 വിക്കറ്റ് തികച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാലാം നമ്പറിലെത്തിയ ഡെവോൺ കോൺവേയും ആക്രമിച്ച് കളിക്കാൻ ആരംഭിച്ചതോടെ ന്യൂസീലൻഡിന് കാര്യങ്ങൾ എളുപ്പമായി. അവസാന ഓവറുകളിൽ വില്ല്യംസണും ആക്രമണ മോഡിലേക്ക് മാറി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് അപരാജിതമായ 67 റൺസാണ്. വില്ല്യംസണും (40) കോൺവേയും (36) പുറത്താവാതെ നിന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 124 റൺസ് നേടി. ഉജ്ജ്വല ബൗളിംഗ് പ്രകടനം കാഴ്ചവച്ച കിവീസ് ബൗളർമാർ അഫ്ഗാനെ പിടിച്ചുകെട്ടുകയായിരുന്നു. 48 പന്തുകളിൽ 73 റൺസെടുത്ത നജീബുള്ള സദ്രാൻ ആണ് അഫ്ഗാൻ്റെ ടോപ്പ് സ്കോറർ. സദ്രാൻ മാത്രമേ അഫ്ഗാനായി പൊരുതിയുള്ളൂ കിവീസിനായി ട്രെൻ്റ് ബോൾട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക