കൊല്ലം : ലോക്ക് ഡൗണിൽ ബാറുകള്‍ പൂട്ടിയതോടെ സംസ്ഥാനത്ത് ചാരായ നിർമ്മാണത്തിൽ പുതിയ രീതികൾ. ഇതൊടെ സംസ്ഥാനത്ത് ചിലപ്പോൾ ഒരു മദ്യദുരന്തത്തിനുള്ള സാദ്ധ്യതയേറുന്നതായി അധികൃതർ. ലോക്ക് ഡൗണ്‍ കാലത്ത് ചാരായത്തിന് ആവശ്യക്കാര്‍ ഏറിയതോടെ ചാരായനിര്‍മ്മാണത്തിലും വില്‍പ്പനയിലും ‘തലമുറ മാറ്റം’ പ്രകടമായതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പഴയ പരമ്പരാഗത രീതിയിലുള്ള വാറ്റു വിദ്യയിൽ നിന്നുമാറി പെട്ടന്ന് നിർമ്മിക്കാൻ സമൂഹ മാദ്ധ്യമങ്ങളിലും മറ്റും പരതി പുതിയ ഹൈടെക് വിദ്യകളിലൂടെയാണ് കാര്യം സാധിക്കുന്നത്.ഒരാഴ്ചയില്‍ കൂടുതല്‍ പഴക്കമുള്ള കോടയാണ് വാറ്റാന്‍ സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍, ചാരായത്തിന് ആവശ്യക്കാര്‍ കൂടിയതോടെ കോട പെട്ടെന്ന് പുളിച്ച്‌ പരുവമാകാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ കോട വാറ്റാന്‍ പാകത്തിലാക്കാനാണിത്. ശരീരത്തിന് ഹാനീകരമായ രാസപദാര്‍ഥങ്ങള്‍ ആദ്യം തന്നെ തിളച്ച്‌ ആവിയായി ചാരായത്തില്‍ കലരുന്നത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്.കോട തയ്യാറാക്കാന്‍ ശര്‍ക്കര കലക്കുമ്പോൾ അത് വേഗം പുളിച്ച്‌ പൊന്താന്‍ ഈസ്റ്റ്,​ സോഡാക്കാരം തുടങ്ങിയ വസ്തുക്കള്‍ അമിതമായി കലര്‍ത്തുന്നുണ്ട്. ഇത് കൂടാതെയാണ് ചാരായത്തിന് ലഹരി കൂട്ടാനുളള രാസപ്രയോഗങ്ങള്‍. അന്നനാളം,​ആമാശയം,​ കരള്‍,​ പിത്താശയം,​ കിഡ്നി എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാക്കുകയും മാരക രോഗങ്ങള്‍ക്ക് അടിമകളാക്കുകയും ചെയ്യുന്ന വസ്തുക്കളാണ് ചാരായത്തിനൊപ്പം മനുഷ്യശരീരത്തിലെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക