തൃശൂര്‍: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഭോപ്പാൽ സ്വദേശിനിയായ യുവതിയുടെ കൂടെ നാടുവിട്ട കുന്നംകുളം സ്വദേശിനിയായ 15 കാരിയെ മണിക്കൂറുകള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു പോലീസ് കണ്ടെത്തി. കുന്നംകുളം സ്റ്റേഷനില്‍ കൊണ്ടുവന്ന പെണ്‍കുട്ടിയെ വീട്ടുകാരോടൊപ്പം പറഞ്ഞയച്ചു.

പാസ്റ്ററുടെ മകളായ പതിനഞ്ചുകാരി ഫേസ്ബുക്കിലൂടെയാണ് ഭോപ്പാല്‍ സ്വദേശിനിയായ യുവതിയുമായി പരിചയത്തിലായത്. പരിചയം വളര്‍ന്ന ഭോപ്പാല്‍ സ്വദേശിനി കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാനായി കുന്നംകുളത്തെത്തിയത്. 10 ദിവസം യുവതി പാസ്റ്ററുടെ വീട്ടില്‍ പെണ്‍കുട്ടിയോടൊപ്പം ഒരുമിച്ച്‌ താമസിച്ചു. ഇന്നലെ രാത്രി 12 വരെ ഇരുവരും തമ്മില്‍ മുറിയില്‍ സംസാരിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് പുലര്‍ച്ചെ നാലിനാണ് ഇരുവരെയും കാണാതായത്.

ഉടന്‍തന്നെ പെണ്‍കുട്ടിയുടെ പിതാവായ പാസ്റ്റര്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ആദ്യം റിങ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച്‌ ഓഫായി. ഇരുവരെയും കണ്ടെത്താന്‍ കുന്നംകുളം പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഭോപ്പാല്‍ സ്വദേശിനിയുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത സൈബര്‍ സെല്‍ പോലീസ് ഇരുവരും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടെന്ന് കണ്ടെത്തി. ഉടന്‍തന്നെ കുന്നംകുളം പോലീസ് റെയില്‍വേ പോലീസിന് വിവരം കൈമാറി. ആദ്യ പരിശോധനയില്‍ ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

രാവിലെ ഒമ്പതിന് റയിൽവേ സ്റ്റേഷനു സമീപത്തു കൂടെ ഇരുവരും നടന്നുപോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് ഇരുവരെയും തിരിച്ചറിഞ്ഞശേഷം കുന്നംകുളത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. കുന്നംകുളം പോലീസിന്റെ സമയോചിതമായ ഇടപെടല്‍മൂലം മകളെ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് വീട്ടുകാര്‍. കുന്നംകുളത്തുനിന്ന് കോള്‍ ടാക്‌സി വഴി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയശേഷം ട്രെയിന്‍ മാര്‍ഗം കണ്ണൂരില്‍ എത്തുകയായിരുന്നു. സ്റ്റേഷനില്‍ കൊണ്ടുവന്ന 15 വയസുകാരിയെ രാത്രിയോടെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയശേഷം മജിസ്ട്രറ്റിന് മുന്നില്‍ ഹാജരാക്കും. യുവതി ഭോപ്പാലിലെ ഒരു സ്വകാര്യ കമ്ബനിയിലെ ഡാറ്റാ ഓപ്പറേറ്ററായി ജോലി ചെയ്ത് വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക