കോട്ടയം: യുഡിഎഫിന് ഭരണം നഷ്ടമായ കോട്ടയം നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് അനിശ്ചിതത്വം തുടരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ അടുത്ത ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ തവണത്തേതിന്റെ ആവര്‍ത്തനമാകാനാണ് സാധ്യത.ഇത് ഒഴിവാക്കാനുള്ള നീക്കത്തിലാണ് മുന്നണികള്‍.22 അംഗങ്ങള്‍ വീതമാണ് നഗരസഭയില്‍ യുഡിഎഫിനും എല്‍ഡിഎഫിനുമുള്ളത്. എതിര്‍ച്ചേരിയില അതൃപ്തരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമം ഇരുമുന്നണികളും നടത്തും. ബിജെപി പിന്തുണയോടെയുള്ള ഭരണം ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ല. സ്വന്തം നിലയില്‍ അധികാരത്തിലെത്താന്‍ ശ്രമിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും കണക്കുകളില്‍ അവര്‍ ഏറെ പിന്നിലാണ്.കഴിഞ്ഞ തവണ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിച്ചിരുന്നു. ഈരാറ്റുപേട്ടയ്ക്ക് പിന്നാലെ കോട്ടയത്തും എല്‍ഡിഎഫ് തന്ത്രം പ്രതിരോധിക്കാനാകാതെ വീണു പോയ കോണ്‍ഗ്രസ് നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്. സിപിഎം വ‍‍‍ര്‍ഗ്ഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാമെങ്കിലും ഉമ്മന്‍ചാണ്ടിയുടെ തട്ടകത്തിലെ നഷ്ടം കനത്തതാണെന്ന് കോണ്‍ഗ്രസിന് അറിയാം. അതിനാല്‍ തന്നെ അത് നികത്താനുള്ള നീക്കമുണ്ടാകും.ബിജെപി പിന്തുണയോടെ ഭരണത്തിലേറില്ലെന്ന് വ്യക്തമാക്കുന്ന സിപിഎമ്മിന്റെ കണ്ണ് യുഡിഎഫിലെ അതൃപ്തരിലാണ്. നിലവിലെ മുന്നണി ബന്ധങ്ങള്‍ തെറ്റിക്കുന്ന നിലപാടുണ്ടാകില്ലെന്നും നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. എല്‍ഡിഎഫ് പ്രമേയത്തെ പിന്തുണച്ചതില്‍ ബിജെപിക്കുള്ളില്‍ അതൃപ്തിയുണ്ട്. ഈരാറ്റുപേട്ടയില്‍ ഉന്നയിച്ച സിപിഎം-എസ്ഡിപിഐ കൂട്ടുകെട്ട് ആരോപണം ഇപ്പോള്‍ തിരിഞ്ഞു കുത്തുന്നുവെന്നാണ് വിമര്‍ശനം. നാടകീയ നീക്കങ്ങളിലേക്കോ അതോ നറുക്കെടുപ്പിലേക്കോ കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് നീങ്ങുമെന്നാണ് നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക