ബെം​ഗളൂരു: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരുപയോഗിച്ച് ജയിക്കുന്നത് എളുപ്പമാണെങ്കിലും നിയമസഭാ തെരെഞ്ഞെടുപ്പിൽ അത് സാധ്യമാകില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. ലോക്സഭാ തെരെഞ്ഞെടുപ്പിൽ മോദി തരംഗം ഗുണം ചെയ്യും. എന്നാൽ, നിയമസഭാ തെരെഞ്ഞെടുപ്പിൽ അത് ഗുണം ചെയ്യില്ലെന്നാണ് യെദിയൂരപ്പ അറിയിച്ചത്. അതേസമയം, അടുത്ത താവണയും മോദി തന്നെ പ്രധാനമന്ത്രി ആകുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ദാവൻഗരെയിൽ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെദിയൂരപ്പ.

മോദിയുടെ പേരുപയോഗിച്ച് തെരഞ്ഞെടുപ്പുകൾ ജയിക്കാൻ സാധിക്കുമെന്ന ചിന്തയിൽ പ്രവർത്തകർ ഇരിക്കരുതെന്നും അദേഹം നിർദേശിച്ചു. ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയപ്പെട്ടാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും യെദിയൂരപ്പ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പിനായി കഠിനാധ്വാനം ചെയ്ത് ജയിച്ച് കോൺഗ്രസ് പാർട്ടിയെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കമായാണ് ബി.ജെ.പി സംസ്ഥാന ക്യാമ്പ് സംഘടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, ലെജിസ്ലേറ്റീവ് കൗൺസിൽ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുകയാണ്. അടിസ്ഥാനതലത്തിൽ നിന്നു തന്നെ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി മോർച്ചകളെ ശക്തിപ്പെടുത്തി കൂടുതൽ സമുദായങ്ങളെ പാർട്ടിയുമായി അടുപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദിയുടെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ഒരു മാസം താൻ കർണാടക മുഴുവൻ പര്യടനം നടത്തുമെന്നും യെദിയൂരപ്പ പറഞ്ഞു. മറ്റുള്ളവരുടെ സഹായമില്ലാതെ 140 സീറ്റുകളിൽ വിജയിക്കാൻ നമുക്കാവണം. അതിനായി എം.എൽ.എമാരും മറ്റു നേതാക്കളും ജനപ്രതിനിധികളും തനിക്കൊപ്പം പ്രവർത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക