കൊച്ചിന്‍ കലാഭവന്‍റെ മിമിക്രി അരങ്ങേറ്റത്തിന് നാല് പതിറ്റാണ്ടിന്‍റെ തിളക്കം.കൊച്ചിയിലെ ഫൈന്‍ ആര്‍ട്സ് ഹാളിലായിരുന്നു അനുകരണ കല ആദ്യമായി അരങ്ങേറിയത്. ആദ്യ വേദിയുടെ നാല്‍പ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി അന്നത്തെ മിമിക്രി താരങ്ങള്‍ ഓര്‍മകള്‍ പങ്കിടാനായി കലാഭവനിലെത്തി. സംവിധായകന്‍ സിദ്ദീഖ്, നടനും നിര്‍മ്മാതാവുമായ ലാല്‍, അന്‍സാര്‍, റഹ്മാന്‍, കെ എസ് പ്രസാദ്, വര്‍ക്കിച്ചന്‍ പേട്ട എന്നിവരായിരുന്നു നാല് പതിറ്റാണ്ട് മുന്‍പ് തുടക്കമിട്ട ചിരിയരങ്ങിലെ കലാകാരന്‍മാര്‍.

1981 സെപ്റ്റംബര്‍ 21 ന് കൊച്ചി ഫൈനാര്‍ട്സ് ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് മിമിക്രയെന്ന കലാരൂപത്തിന് ഉദയം നല്‍കുകയായിരുന്നു അവര്‍. നടന്‍മാരുടെ ശബ്ദാനുകരണത്തിലൂടെ കാണികളെ വിസ്മയിപ്പിച്ച കലാകാരന്‍മാര്‍ സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള സ്‌കിറ്റവതരിപ്പിച്ച്‌ പ്രേക്ഷകരെ ചിരിപ്പിച്ചു. ഒളിമങ്ങാത്ത ആ ഓര്‍മകളുമായി അന്നത്തെ കലാകാരന്‍മാര്‍ വീണ്ടും കലാഭവന്‍റെ മുറ്റത്തെത്തി. മിമിക്രി കാലത്തെ തമാശകളും അബദ്ധങ്ങളുമൊക്കെ അവര്‍ പരസ്പരം പങ്കുവെച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കലാഭവന്‍ ഗാനമേളയുടെ ഇടവേളയില്‍ നേരംപോക്കെന്ന നിലയിലാണ് മിമിക്രിയുടെ വരവ്. പിന്നീട് കലാഭവന്‍ ഡയറക്ടറായിരുന്ന ഫാദര്‍ ആബേല്‍ ചിരിക്കൂട്ടത്തിന് രൂപം നല്‍കുകയായിരുന്നു. നാല്‍പത് വര്‍ഷം മുന്‍പ് ഫൈനാര്‍ട്സ് ഹാളിലെ ആദ്യ അരങ്ങിനു ശേഷം സംസ്ഥാനത്തിനകത്തും പുറത്തും നിരവധി വേദികളില്‍ മിമിക്രി അവതരിപ്പിക്കപ്പെട്ടു.ആദ്യ ആറംഗ സംഘത്തിന്‍റെ പിന്‍ഗാമികളായി എത്തിയ ജയറാം, ദിലീപ്, ഹരിശ്രീ അശോകന്‍ തുടങ്ങി വലിയ താര നിരതന്നെ മലയാള ചലച്ചിത്ര ലോകത്തിന് കലാഭവന്‍റെ സംഭാവനയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക