കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ വെച്ച്‌ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യല്‍.

കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് മുന്‍പാകെ ഹാജരാകാമെന്ന് സുരേന്ദ്രന്‍ അറിയിച്ചതായാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജില്ലാ ക്രൈംബ്രാഞ്ച് കെ.സുരേന്ദ്രന് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു നോട്ടീസിലെ നിര്‍ദേശം. കേസില്‍ സുരേന്ദ്രനെ പ്രതിചേര്‍ത്തതിന് മൂന്ന് മാസത്തിനു ശേഷമാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.വി.രമേശ് നല്‍കിയ പരാതിയിലാണ് കെ.സുരേന്ദ്രനെ പ്രതിചേര്‍ത്തിരിക്കുന്നത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്‌പി) ബിഎസ്പി സ്ഥാനാര്‍ത്ഥി കെ.സുന്ദരയ്ക്ക് കോഴ നല്‍കിയെന്നതാണ് കേസ്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയതിനു ഐപിസി 171 ബി, ഇ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രന്‍ കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നോമിനേഷന്‍ പിന്‍വലിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും സുരേന്ദ്രന്‍ നല്‍കിയെന്നായിരുന്നു സുന്ദരയുടെ ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക