തിരുവനന്തപുരം: വിസ്‌മയ കേസില്‍ മുഖ്യപ്രതിയായ അസിസ്‌റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കിരണ്‍ കുമാറിനെ പിരിച്ചുവിട്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി.

പിരിച്ചുവിടാതിരിക്കാന്‍ പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നോട്ടിസയച്ചിരുന്നു. ഇതില്‍ വിശദീകരണം തൃപ്‌തികരമല്ലാത്തതിനാലാണ് കിരണിനെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്നുള‌ള ശുചിമുറിയിലാണ് ജൂണ്‍ 21ന് പന്തളം മന്നം ആയുര്‍വേദ കോളേജ് നാലാംവ‌ര്‍ഷ ബിഎ‌എം‌എസ് വിദ്യാര്‍ത്ഥിനി വിസ്‌മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം സ്‌ത്രീധന പീഡനമാണെന്ന് വിസ്‌മയയുടെ മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണത്തെ തുടര്‍ന്ന് ഭര്‍ത്താവ് കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കിരണ്‍ കുമാറിനെ അറസ്‌റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്‌തു. പിന്നീട് ഓഗസ്‌റ്റ് ആറിന് ഇയാളെ പിരിച്ചുവിട്ടതായി സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നില്ല. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് അപൂര്‍വ നടപടിയാണ്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയോ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ഇല്ല.

എന്നാല്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് കിരണ്‍കുമാര്‍ മറുപടിയില്‍ പറഞ്ഞത്. കോടതി കണ്ടെത്തും മുന്‍പ് താന്‍ കുറ്റക്കാരനെന്ന് മോട്ടോര്‍ വാഹന വകുപ്പ് വിധിക്കുന്നത് നിയമലംഘനമാണ്. സാമാന്യ നീതി തനിക്ക് ലഭിച്ചില്ല. മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടി മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. തന്നെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുക എന്നത് മാത്രമായിരുന്നു അന്വേഷണത്തിന്റെ ലക്ഷ്യം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ തന്റെ ഭാഗം നേരിട്ട് ബോധിപ്പിക്കാന്‍ കഴിഞ്ഞില്ലന്നും അതിനുള്ള അവസരം നല്‍കണമെന്നുമാണ് കിരണ്‍കുമാറിന്റെ വിശദീകരണം.

വകുപ്പുതല അന്വേഷണത്തില്‍ കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതാണെന്നും വകുപ്പിന്റെ അന്തസിന് ഇടിവുണ്ടായെന്നും കിരണ്‍കുമാറിനെ പിരിച്ചുവിട്ടത് അറിയിച്ച്‌ കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ആന്റണി രാജു പറ‍ഞ്ഞിരുന്നു. സ്ത്രീധനത്തെ ചൊല്ലിയുടെ പീഡനത്തെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ടത് മൂലം ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക