തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം മെയ്യ് മാസത്തിന് ശേഷം മാത്രം ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായത് 21 അതിക്രമങ്ങള്‍. കൂടുതല്‍ കേസുകളും ഡോക്ടര്‍മാരെ ശാരീരികമായി അക്രമിച്ചവയാണ്. ഇവയില്‍ എഫ്.ഐ.ആര്‍ പോലും രജിസ്ട്രര്‍ ചെയ്തിട്ടില്ലാത്ത കേസുകളും ഉണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോക്ടര്‍മാര്‍ അക്രമത്തിന് ഇരകളായ 39 കേസുകളുടെ വിശദാംശങ്ങളാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഡോക്ടരുടെ സംഘടന സമര്‍പ്പിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മെയ്യ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഡോക്ടര്‍മാര്‍ക്ക് നേരെ കൂടുതല്‍ അതിക്രമങ്ങളും നടന്നത്. ഓഗസ്റ്റില്‍ ഉണ്ടായ രണ്ട് അക്രമങ്ങളും തിരുവനന്തപുരത്താണ് ഉണ്ടായത്. ഒന്ന് കഴിഞ്ഞ മൂന്നിന് പാറശാല സര്‍ക്കാര്‍ ആശുപത്രിയിലും, രണ്ടാമത്തേത് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും. മെയ്യ് മാസം എട്ടും ജൂണില്‍ ആറും ജൂലൈ മാസത്തില്‍ അഞ്ചും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂരിഭാഗവും രോഗിയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായ അക്രമങ്ങളായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആകെ സമര്‍പ്പിച്ച 39 കേസുകളില്‍ 15ലും ഡോക്ടര്‍മാര്‍ ശാരീരികമായി അക്രമിക്കപ്പെട്ടു. 12 കേസുകളില്‍ അക്രമം നടത്തിയത് രാഷ്ട്രീയ പ്രവര്‍ത്തകരും ജനപ്രതിനിധികളും, സാമൂഹ്യപ്രവര്‍ത്തകരും ആയിരുന്നു. എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്ത കേസുകള്‍ ഭൂരിഭാഗവും 2012 ലെ ആശുപത്രി, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ കൊണ്ട് വന്ന നിയമത്തിന്‍ കീഴില്‍ ഉള്ളതാണ്.

ആറ് കേസുകളില്‍ എഫ്.ഐ.ആര്‍ പോലും രജിസ്ട്രര്‍ ചെയ്തിരുന്നില്ല. ഇതില്‍ തന്നെ നാല് പരാതികള്‍ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകര്‍ക്കും എതിരാണ്. നേരിട്ടുള്ള അക്രമങ്ങള്‍ക്ക് പുറമെ സമൂഹമാധ്യമങ്ങളിലും ഡോക്ടര്‍ നേരിടുന്ന അതിക്രമങ്ങള്‍ നിരവധിയാണ്.

അതേ സമയം ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം സംബന്ധിച്ച വിവാദ മറുപടിയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രേഖാമൂലമുള്ള മറുപടി സാങ്കേതിക പിശക് മൂലം ഉണ്ടായതാണെന്നും തിരുത്തിയ മറുപടി സഭയില്‍ എത്തിയില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഡോക്ടര്‍മാര്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിയമസഭയില്‍ മന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയാണ് വിവാദമായത്.

മാത്യു കുഴല്‍നാടന്റെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം ആരോഗ്യമന്ത്രി നല്‍കിയ മറുപടിയാണ് വിവാദത്തിലായത്. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ മറുപടി. മന്ത്രിയുടെ മറുപടിയില്‍ വിമര്‍ശനവുമായി ഡോക്ടര്‍മാരുടെ സംഘടനകളും രംഗത്ത് വന്നു. വിവാദമായതോടെയാണ് വിശദീകരണവുമായി മന്ത്രിയും രംഗത്തെത്തി.

രണ്ട് സെക്ഷനുകള്‍ ഈ വിഷയത്തില്‍ നിയമസഭയില്‍ മറുപടി നല്‍കിയത്. സാങ്കേതിക പിശകാണ് തെറ്റായ മറുപടിയ്ക്ക് കാരണമായതെന്നും തിരുത്തി നല്‍കിയ ഉത്തരമല്ല സഭയിലെത്തിയതെന്നും മന്ത്രി പറഞ്ഞു. തിരുത്താന്‍ സ്പീക്കറുടെ അനുമതി തേടിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമ പ്രവര്‍ത്തനം ന്യായീകരിക്കാനാകില്ലെന്നും ആര് അക്രമം നടത്തിയാലും ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കാഷ്വാലിറ്റിയില്‍ ഉള്‍പ്പടെ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളില്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും പൊതു നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക