ഡൽഹി: രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇടത് എം.പിമാരായ എളമരം കരീമിനും ബിനോയ് വിശ്വത്തിനുമെതിരെ റിപ്പോര്‍ട്ട്. തങ്ങളെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് രാജ്യസഭാ അധ്യക്ഷന് മാര്‍ഷലുമാര്‍ പരാതി നല്‍കി. പാര്‍ലമെന്റ് ബഹളത്തിനിടെ എളമരം കരീം എം.പി കഴുത്തിന് പിടിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബിനോയ് വിശ്വം പേപ്പര്‍ വലിച്ചുകീറുകയും മാര്‍ഷല്‍മാരെ പിടിച്ച് തള്ളുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിമാരെ പിടിച്ചുതള്ളി എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരെ ഉന്നതതല അന്വേഷണം നടത്തും എന്നാണ് വിവരം. അതേസമയം പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള രാജ്യസഭ അധ്യക്ഷന്‍ വെങ്കയ നായിഡുവിനെ കണ്ടു. ഇരുപക്ഷവും നടപടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ലമെന്റിന് പുറത്തുനിന്നുള്ള ആളുകള്‍ എത്തി എം.പിമാരെ മര്‍ദ്ദിച്ചുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. പാര്‍ലമെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥരല്ലാതെ പുറത്തുനിന്നെത്തിയവര്‍ ഒരു പ്രകോപനവുമില്ലാതെ കയ്യേറ്റം ചെയ്തെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

ആദ്യമായിട്ടാണ് രാജ്യസഭയില്‍ എം.പിമാരെ തല്ലുകയും തള്ളുകയുമൊക്കെ ചെയ്യുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. ബുധനാഴ്ച പാര്‍ലമെന്റില്‍ ഇന്‍ഷുറന്‍സ് ഭേദഗതി ബില്ല് പാസാക്കിയെടുക്കുന്ന സമയത്ത് മാര്‍ഷലുകളെ ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞുവെന്നാണ് പ്രതിപക്ഷം പറയുന്നത്. പാര്‍ലമെന്റ് ചരിത്രത്തില്‍ ഒരിക്കലും ഇത്തരത്തില്‍ മാര്‍ഷലുകളെ ഉപയോഗിച്ച് ഒരു ബില്ല് പാസാക്കിയിട്ടില്ലെന്നും പ്രതിപക്ഷം പറഞ്ഞു. രാജ്യസഭയില്‍ ഇന്നലെ ഇന്‍ഷുറന്‍സ് ബില്‍ പാസാക്കിയ രീതിക്കെതിരെ പ്രതിപക്ഷം അധ്യക്ഷനെ കണ്ട് പരാതി നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക