തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെയും മുന്‍ ഭരണ സമിതി പ്രസിഡന്‍റിനെയും സി പി എം ൽ നിന്നും പുറത്താക്കി. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ന്‍റ് ചെയ്തു. രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് നടപടിയിലേക്ക് സിപിഎം നീങ്ങിയത്. മുന്‍ ഭരണസമിതിയംഗം കെ കെ ദിവാകരന്‍, പ്രതികളായ ബിജു കരീം, ജില്‍സ്, സുനില്‍കുമാര്‍ എന്നിവരെയാണ് പുറത്താക്കിയത്. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗങ്ങളായ ഉല്ലാസ് കളക്കാട്, കെ.ആര്‍.വിജയ എന്നിവരെയാണ് ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉല്ലാസും പ്രതികളുമായുള്ള അടുത്ത ബന്ധം യോഗത്തില്‍ ചര്‍ച്ചയായി. ബാങ്കിന്‍റെ ചുമതല ഉണ്ടായിരുന്ന മുതിര്‍ന നേതാവ് സി.കെ ചന്ദ്രനെതിരെ കടുത്ത നടപടി വേണമെന്ന് ഒരു വിഭാഗം വാദിച്ചു. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയെയും നീക്കി. തട്ടിപ്പിനെ കുറിച്ച്‌ ജില്ലാ നേതൃത്വത്തെ അറിയിക്കുന്നതില്‍ ഏരിയ സെക്രട്ടറിയ്ക്ക് വീഴ്ച പറ്റി.
ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും പ്രതികള്‍ അംഗങ്ങളായിട്ടുള്ള പൊറത്തിശ്ശേരി, കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റികളും പിരിച്ചു വിടണമെന അഭിപ്രായമുയര്‍ന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ മാത്രം നടപടി മതിയെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍, മുന്‍ മന്ത്രി എ.സി.മൊയ്തീന്‍ എന്നിവര്‍ക്കെതിരെയും യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. ബേബി ജോണ്‍ ജില്ലാ സെക്രട്ടറിയായിരിക്കെ തട്ടിപ്പിനെ കുറിച്ച്‌ പരാതി കിട്ടിയിട്ടും നടപടി സ്വീകരിച്ചില്ല. സഹകരണ മന്ത്രിയായിരിക്കെ എ സി മൊയ്തീനും തട്ടിപ്പ് തടയാന്‍ ശ്രമിച്ചില്ല. ഇവര്‍ യഥാസമയം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ തട്ടിപ്പിനെ ചൊല്ലി പാര്‍ട്ടി ഇത്ര പ്രതിരോധത്തിലാകില്ലെന്നും ചിലര്‍ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക