ഇടുക്കി:ഒന്നരവര്‍ഷമായി ഒരു കൊവിഡ് കേസ് പോലുമില്ലാതിരുന്ന ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. കുടികളില്‍ നേരിട്ടെത്തില്‍ ആദിവാസികള്‍ക്കിടയില്‍ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. കാലവര്‍ഷം അടുത്തുനില്‍ക്കെ ദുര്‍ഘടമായ വഴികളിലൂടെ കുടികളിലെത്തുക സാഹസികമാണെങ്കിലും രോഗത്തെ പ്രതിരോധിക്കുന്നതോടൊപ്പം ആദിവാസികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് പ്രത്യേക സംഘം കുടിയിലേക്ക് തിരിക്കുന്നത്.മൂന്നാര്‍ പോലീസിന്‍റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും കുടികളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.ഇതിനിടെ അന്യര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ഇവിടെ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിന്‍റെയും ബ്ലോഗര്‍ സുജിത് ഭക്തന്‍റെയും സന്ദര്‍ശനം വിവാദമാക്കുകയാണ് എല്‍ഡിഎഫിന്‍റെ യുവജന സംഘടനകള്‍. സമൂഹമാധ്യമങ്ങളില്‍ സംഘത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ഇന്ന് ഡി വൈ എഫ് ഐ – എ ഐ വൈ എഫിന്‍റെ നേതൃത്വത്തില്‍ മൂന്നാറില്‍ പ്രതിഷേധ പ്രകടനവും സംഘടനകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഒന്നര വര്‍ഷമായി കൊവിഡിനെ സ്വയം പ്രതിരോധിച്ച ഇടമലക്കുടിയില്‍ രോഗം എത്തിച്ചത് എം പിയോടൊപ്പമെത്തിയ സംഘമാണെന്നുള്ള ക്യാംപെയ്നും പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്.ഇരുപ്പ്ക്കല്ല് ഊരിലെ നാല്‍പതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരന്‍ എന്നിവര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങള്‍. ഭക്ഷണസാധനങ്ങടക്കം എത്തിക്കാന്‍ ഇടയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് എത്തിയിരുന്നത്. ഇതിനിടയിലാണ് സ്കൂളില്‍ പഠനോപകരണങ്ങള്‍ എത്തിക്കാനായി എത്തിയ എംപിയോടൊപ്പം ബ്ലോഗര്‍ സുജിത് ഭക്തനും മറ്റ് ആളുകളും ഇവിടേക്ക് എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക