തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രധാനപ്പെട്ട പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കാനും വൈകുന്നത് ഒഴിവാക്കാനും ലക്ഷങ്ങള്‍ ശമ്പളത്തില്‍ കരാര്‍ നിയമനത്തിന് ഉത്തരവ്. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ശമ്പളത്തില്‍ ആറ് പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെയും ഒരു ലക്ഷം ശമ്പളത്തില്‍ 10 ജൂനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍സിനെയുമാണ് നിയമിക്കുക. അടിയന്തരമായി പൂര്‍ത്തികരിക്കേണ്ട പദ്ധതികളുടെ നിരീക്ഷണ ഏകോപന ചുമതലയാണ് ഇവര്‍ക്ക് നല്‍കുക.

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പും കാലതാമസം ഒഴിവാക്കുകയാണ് കരാര്‍ നിയമനത്തിന്റെ ലക്ഷ്യമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. വിവിധ വകുപ്പുകളുമായും തദ്ദേശഭരണ സ്ഥാപനങ്ങളുമായും യോജിച്ചും സഹകരിച്ചും പദ്ധതി നടത്തിപ്പ് സമയബന്ധിതമായി മുന്നോട്ട് കൊണ്ടു പോകണം. ഇതില്‍ അനാവശ്യ കാലതാമസം ഒഴിവാക്കി ഏറ്റവും കുറഞ്ഞ സമയത്ത് പദ്ധതി പൂര്‍ത്തിയാക്കണം. ഇതിനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിലവിലുള്ള സംവിധാനം ശക്തിപ്പെടുത്തുകയാണ്. മുന്‍ഗണനാ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനുള്ള സംവിധാനം ശക്തിപ്പെടുത്തണമെന്നും ഒഴിവാക്കാനാകുന്ന കാലതാമസം തടയണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിലൂടെ വേഗത്തിലുള്ള പദ്ധതി നിര്‍വഹണം ഉറപ്പാക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വളരെ പ്രാധാന്യമുള്ള പദ്ധതികളുടെ നിരീക്ഷണത്തിനായാണ് 16 തസ്തികകളില്‍ കരാര്‍ നിയമനം നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാനതലത്തിലുള്ള ഏകോപനത്തിനായി 1,30,000 രൂപ പ്രതിമാസ ശമ്പളത്തില്‍ ആറ് പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കും. ജില്ലാതല ഏകോപനത്തിനായി ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ പത്ത് ജൂനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍സിനെ നിയമിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ പദ്ധതി ഏകോപനമാണ് ഇവരുടെ ചുമതലയെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക