തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടുകളെ സാമ്പത്തികച്ചെലവും പരിസ്ഥിതി മലിനീകരണവും കുറഞ്ഞ എൽപിജിയിലേക്ക് മാറ്റി മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമാക്കുന്ന പദ്ധതിക്ക് തുടക്കമായി. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻറെയും (കെഎസ് സിഎഡിസി) സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെയും (സിഐഎഫ് ടി) സമഗ്ര സാമൂഹിക, സാമ്പത്തിക വികസന പദ്ധതിയായ ‘പരിവർത്തന’ത്തിൻറെ ഭാഗമായാണ് സംരംഭം ആരംഭിച്ചത്.

മത്സ്യബന്ധന ബോട്ടുകളിൽ മറ്റ് ഇന്ധനങ്ങൾക്കു പകരം എൽപിജി ഉപയോഗിക്കുന്നത് ഫിഷറീസ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാൻ വിലയിരുത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്പിസിഎൽ) ചേർന്ന് മത്സ്യബന്ധന ബോട്ടുകളിൽ ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയത സിലിണ്ടറുമായാണ് വിഴിഞ്ഞത്ത് പരീക്ഷണം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എൽപിജി ബദൽ ഇന്ധനമായി ഉപയോഗിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ഏകദേശം 50-55 ശതമാനം പ്രവർത്തനച്ചെലവ് ലാഭിക്കാൻ കഴിയുമെന്ന് പരീക്ഷണത്തിൽ വ്യക്തമായി.

പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളിലെ എഞ്ചിൻ ഇന്ധനം മണ്ണെണ്ണയിൽ നിന്നും എൽ.പി.ജിയിലേക്ക് മാറ്റുന്ന പരീക്ഷണം ശുഭപ്രതീക്ഷയേകുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഇത് ഇന്ധനച്ചെലവ് ലാഭിക്കാനും പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ പാലിക്കാനും സഹായിക്കും. ഉയർന്ന ഇന്ധനച്ചെലവും പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണമുള്ള മത്സ്യലഭ്യതക്കുറവുമടക്കം നിരവധി പ്രശ്‌നങ്ങൾ മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്നുണ്ട്. മണ്ണെണ്ണ, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങളിൽ നിന്ന് എൽപിജിയിലേക്ക് മാറുന്നത് സാമ്പത്തികബാധ്യത ഗണ്യമായി കുറയ്ക്കും. ബോട്ടുകളുടെ വേഗത വർധിപ്പിക്കാനും കൂടുതൽ മത്സ്യത്തൊഴിലാളികളെ ട്രയലിൽ ഉൾപ്പെടുത്താനും എൽപിജി എഞ്ചിൻ ബോട്ടുകളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷം മന്ത്രി എച്ച്പിസിഎൽ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

മുംബൈയിലെ എച്ച്പിസിഎൽ സെയിൽസ് ആൻറ് മാർക്കറ്റിംഗ് ചീഫ് ജനറൽ മാനേജർ രതീഷ് കുമാർ എൽപിജി കിറ്റിൻറെ പ്രധാന സവിശേഷതകൾ മന്ത്രിയോട് വിശദീകരിച്ചു.

പൂനെ ആസ്ഥാനമായുള്ള വനസ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡുമായി സഹകരിച്ച് എച്ച്പിസിഎലിൻറെ റിസർച്ച് ആൻഡ് ഡെവലപ്‌മെൻറ് (ആർ ആൻറ് ഡി) സെൻറർ എൽപിജിയിൽ പ്രവർത്തിക്കുന്ന ഔട്ട്‌ബോർഡ് എഞ്ചിനുകൾക്ക് മാത്രമായി പ്രത്യേക എൽപിജി കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

എൽപിജിയുടെ ഉപയോഗം പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് പരീക്ഷണത്തിന് മേൽനോട്ടം വഹിച്ച പരിവർത്തനം സിഇഒ റോയ് നാഗേന്ദ്രൻ പറഞ്ഞു. പരമ്പരാഗത യാനങ്ങളിൽ ഉപയോഗിക്കുന്ന 10 എച്ച്.പി ശേഷിയുള്ള എഞ്ചിനുകൾ ഒരു മണിക്കൂർ പ്രവർത്തിപ്പിക്കുവാൻ 6 മുതൽ 10 ലിറ്റർ വരെ മണ്ണെണ്ണ വേണം. ഇവയിൽ തന്നെ 20 ശതമാനത്തോളം ഇന്ധനം കടലിൽ നേരിട്ട് കലരുന്ന സാഹചര്യവുമുണ്ട്. എന്നാൽ എൽ.പി.ജി ഇന്ധനമായി ഉപയോഗിക്കുമ്പോൾ 2.5 കിലോഗ്രാം മാത്രമേ ഒരു മണിക്കൂറിന് വേണ്ടി വരുന്നുള്ളൂ. ഇന്ധനങ്ങളുടെ വില താരതമ്യം ചെയ്യുമ്പോൾ വലിയ സാമ്പത്തികനേട്ടം മത്സ്യത്തൊഴിലാളികൾക്കുണ്ടാകും. ഒന്നിലധികം എഞ്ചിനുകൾക്ക് ഒരു എൽ.പി.ജി കിറ്റിൽ നിന്നും കണക്ഷൻ നൽകുവാനും സാധിക്കും. അടുത്ത ഘട്ടമായി സി.എൻ.ജി ഉപയോഗിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈയിലെ എച്ച്പിസിഎൽ സൗത്ത് സോൺ ചീഫ് ജനറൽ മാനേജർ വി.എസ്.ചക്രവർത്തി, കൊച്ചി എൽപിജി റീജണൽ ഓഫീസിലെ ചീഫ് റീജണൽ മാനേജർ സുനിൽകുമാർ ടി.യു. എന്നിവരും പങ്കെടുത്തു.

മണ്ണെണ്ണയോ പെട്രോളോ ഉപയോഗിച്ച് ഔട്ട്-ബോർഡ് മോട്ടോർ (ഒബിഎം) എളുപ്പത്തിൽ പരിസ്ഥിതിസൗഹൃദവും ചെലവ് കുറഞ്ഞതുമായ ഇന്ധനമാക്കി മാറ്റാം. ഇത് എൽപിജിയിൽ പ്രവർത്തിക്കുമ്പോൾ ഒബിഎമ്മിൻറെ പ്രകടനം മെച്ചപ്പെടുത്തും. എൽപിജി കൺവേർഷൻ കിറ്റ് വലിയ മാറ്റങ്ങളൊന്നും കൂടാതെ ഒബിഎമ്മിലേക്ക് എളുപ്പത്തിൽ ബന്ധിപ്പിക്കാനാകും. മത്സ്യത്തൊഴിലാളികൾക്ക് അധിക ചെലവുകൾ കൂടാതെ കൺവേർഷൻ കിറ്റ് ഘടിപ്പിക്കാൻ നിലവിലുള്ള എഞ്ചിനുകൾ ഉപയോഗിക്കാം.

ഔട്ട്‌ബോർഡ് എഞ്ചിനുകളിൽ വ്യാപകമായി മണ്ണെണ്ണ ഉപയോഗിക്കുന്നത് പലപ്പോഴും ബോട്ടുകളിൽ കത്താത്ത മണ്ണെണ്ണ കടലിലേക്ക് ഒഴുക്കിവിടുന്നതിന് കാരണമാകും. ഉൾനാടൻ ജലാശയങ്ങളിൽ ഈ ബോട്ടുകൾ ഉപയോഗിക്കുമ്പോൾ അവ സൂക്ഷ്മമായ ആവാസവ്യവസ്ഥയെയും ജലജീവികളെയും പ്രതികൂലമായി ബാധിക്കും.

എൽപിജി കൺവേർഷൻ കിറ്റുകൾ ഒബിഎമ്മിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത് അവയുടെ വേഗത, സുരക്ഷ, ഉപയോഗത്തിലെ എളുപ്പം, ഇന്ധനച്ചെലവ് ലാഭിക്കൽ എന്നിങ്ങനെയുള്ള എല്ലാ ആവശ്യങ്ങളും പരിഗണിച്ചാണ്.

പരമ്പരാഗത മത്സ്യബന്ധന പ്രവർത്തനങ്ങൾ നിലനിർത്താൻ സഹായിക്കുന്നതോടൊപ്പം ഹരിതോർജ്ജവും സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കാനും പരിവർത്തനം പദ്ധതി ലക്ഷ്യമിടുന്നു. എഞ്ചിനുകളുടെ വൈദ്യുതീകരണം, സിഎൻജി മോഡിലേക്ക് പരിവർത്തനം എന്നിവ കൂടാതെ മേൽക്കൂരയിലെ സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതും ഈ ശ്രമങ്ങളിൽ ഉൾപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക