ഉപ്പുതറ: വീട്ടു വാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഉടമസ്ഥനും പിതാവിനും സുഹൃത്തിനും വെട്ടേറ്റു. പ്രതികളായ പിതാവും മകനും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. വീട് വാടകയ്ക്ക് കൊടുത്ത ഉപ്പുതറ പൊരികണ്ണി മുകളേല്‍ സബിന്‍ (33), പിതാവ് സണ്ണി (60), സുഹൃത്ത് ഉപ്പുതറ ആലാനിക്കല്‍ ജിജി (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പൊരികണ്ണി സ്വദേശി കൊച്ചുപറമ്പില്‍ കുഞ്ഞുമോന്‍ ജോര്‍ജ് (60), മകന്‍ സ്ഞ്ജു (35), കുഞ്ഞുമോന്റെ മരുമകന്‍ വാഴവര മൂഴിക്കല്‍ ബെന്നി (48) എന്നിവരാണ് വെട്ടിയത്. വാടക വീടിന്റെ താക്കോല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

ഇന്നലെ രാവിലെ 11ന് ഉപ്പുതറ കെ.എസ്.ഇ.ബി. ഓഫീസിന് സമീപത്താണ് സംഭവം. പ്രതികള്‍ സബിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൂന്നു മാസമായി വാടക നല്‍കിയിരുന്നില്ല. ഇതോടെ വീട് മാറാന്‍ ആവശ്യപ്പെട്ടു. വീട് മാറിയെങ്കിലും വീടിന്റെ താക്കോല്‍ നല്‍കിയിരുന്നില്ല. ഇന്നലെ രാവിലെ സബിനും പിതാവ് സണ്ണിയും ചേര്‍ന്ന് ചപ്പാത്തിന് പോകുന്ന വഴിയില്‍ പ്രതികളെ കാണുകയും താക്കോല്‍ തരാത്ത കാരണം ചോദിക്കുകയും ചെയ്തു. ഇത് വാക്കു തര്‍ക്കത്തിനിടയാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് ഉപ്പുതറ ടൗണില്‍ ഇരുകൂട്ടരുമെത്തിയിരുന്നു. പ്രതി കുഞ്ഞുമോനും മകനും ചേര്‍ന്ന് സബിന്റെ വ്യാപാര സഹായിയുടെ സ്ഥാപനത്തിലെത്തി സബിനെ തിരക്കി. തൊട്ടുപിന്നാലെ സബിനും പിതാവുമെത്തി. താക്കോല്‍ സ്‌റ്റേഷനില്‍ പരാതി നല്‍കി വാങ്ങിച്ചോളാമെന്ന് പറഞ്ഞതിന് പിന്നാലെ പ്രതി കുഞ്ഞുമോനും മകനും വാക്കത്തികൊണ്ട് സബിന്റെ പിതാവിനെ വെട്ടി. സബിന്‍ തട്ടിമാറ്റിയെങ്കിലും കൈക്ക് പരിക്കേറ്റു. ഇതോടെ കുഞ്ഞുമോന്‍ സബിനെ വീണ്ടും വെട്ടുകയായിരുന്നു.

വയറ്റിലാണ് വെട്ടു കൊണ്ടത്. തടസം പിടിച്ച ജിജിക്ക് കൈക്ക് മുറിവേറ്റ് ഞരമ്പ് മുറിഞ്ഞു. സബിന് വയറ്റില്‍ 13 തുന്നലുണ്ട്. അക്രമണത്തില്‍ സബിന്റെ പിതാവിനും പരുക്കുണ്ട്. ഇവര്‍ ഉപ്പുതറ സി.എച്ച്.സിയില്‍ചികിത്സയിലാണ്. അക്രമം നടത്തിയവരെ കട്ടപ്പന സഹകരണ ആശുപത്രിക്ക് മുന്നില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. അക്രമം നടത്തിയ കുഞ്ഞുമോന്‍ മുമ്പ് ഒരു കുത്ത് കേസില്‍ ജയിലിലായിരുന്നു. ശിക്ഷ കഴിഞ്ഞിറങ്ങിയിട്ട് മാസങ്ങളായുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക