കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ റിമാന്‍ഡില്‍. കൊല്ലം സ്വദേശി ടോം തോമസ് (24), കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി (25) എന്നിവരെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഫെബിന്‍ റാഫി ശനിയാഴ്ച വൈകിട്ട് ചേവായൂര്‍ സ്റ്റേഷനില്‍ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ടെങ്കിലും രണ്ട് മണിക്കൂറിന് ശേഷം പിടിയിലായി. വെള്ളിമാട്കുന്ന് ലോകോളേജിന് പിന്നിലെ കുറ്റിക്കാട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ലോക്കപ്പിനോട് ചേര്‍ന്ന് വനിതാ പൊലീസിനായി വിശ്രമമുറിയുടെ നിര്‍മാണം നടക്കുന്നുണ്ട്. ഇതിനോട് ചേര്‍ന്ന് നിന്ന ഫെബിന്‍ നിര്‍മാണം പകുതിയായ ഭിത്തിക്ക് മുകളിലൂടെ എടുത്ത് ചാടുകയായിരുന്നു.

അതേസമയം, പെണ്‍കുട്ടികളെ മജിസ്ട്രേട്ടിന് മുന്നിലെത്തിച്ച്‌ രഹസ്യമൊഴിയും രേഖപ്പെടുത്തി. ബംഗളൂരുവില്‍ ട്രെയിനിറങ്ങിയ പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ഹോട്ടലില്‍ എത്തിച്ചെന്നും മദ്യംനല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് യുവാക്കള്‍ക്കെതിരായ കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പുറത്തിറങ്ങിയ കുട്ടികള്‍ പാലക്കാട് വഴി ട്രെയിനില്‍ ബംഗളൂരു വൈറ്റ്ഫീല്‍ഡ് റെയില്‍വേ സ്റ്റേഷനിലെത്തി. ട്രെയിനില്‍ സഹയാത്രികരായിരുന്ന യുവാക്കള്‍ സ്റ്റേഷനില്‍വച്ചാണ് കുട്ടികളെ പരിചയപ്പെട്ടത്. കുട്ടികള്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ ഇവര്‍ പിന്നാലെ കൂടി. തങ്ങള്‍ ഗോവയ്ക്ക് പോകാന്‍ ഇറങ്ങിയതാണെന്ന് പെണ്‍കുട്ടികള്‍ ഇവരോട് പറഞ്ഞു. ഇതിനിടെ ചങ്ങാത്തം സ്ഥാപിച്ച യുവാക്കള്‍ ഇവരോട് വിശ്രമിക്കാനും കുളിക്കാനും മുറിയെടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് മഡിവാളയിലേക്ക് കൊണ്ടുപോയത്.

മഡിവാളയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങിനല്‍കി. തുടര്‍ന്ന് കുട്ടികളെ മുറിയിലാക്കി ഇരുവരും പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ വിദേശമദ്യവും ബിയറും സിഗരറ്റും വാങ്ങിയിരുന്നു. കൂട്ടത്തില്‍ ഒരു കുട്ടി നേരത്തെ ലഹരിക്ക് അടിമയായിരുന്നു. മറ്റുള്ളവര്‍ എതിര്‍ത്തപ്പോഴും ഈ കുട്ടി യുവാക്കള്‍ക്കൊപ്പം മദ്യപിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടിയോട് യുവാക്കള്‍ മോശമായി പെരുമാറാന്‍ തുടങ്ങിയത്. ബാക്കിയുള്ളവര്‍ എതിര്‍ത്തതോടെ വാഗ്വാദമായി. ബഹളംകേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. രണ്ട് യുവാക്കളെയും പെണ്‍കുട്ടികളെയും നാട്ടുകാരും ഹോട്ടല്‍ അധികൃതരും ചേര്‍ന്ന് പിടിച്ചു. എന്നാല്‍, മദ്യപിച്ച കുട്ടിയെ മാത്രമാണ് പിടിച്ചുനിര്‍ത്താനായത്. മറ്റുള്ളവര്‍ കുതറിയോടി. തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഒരാള്‍ മൈസൂരുവിനടുത്ത മാണ്ഡ്യയില്‍വച്ചും നാലുപേര്‍ എടക്കരയില്‍വച്ചും പിടിയിലായതെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക