കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണ കവര്‍ച്ച നടത്തുന്ന ക്വട്ടേഷന്‍ സംഘം ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുടെതാണെന്ന സംശയത്തില്‍ പൊലീസ്. അപകടം നടന്ന ദിവസം 15 വാഹനങ്ങള്‍ പല ഭാഗങ്ങളില്‍ കരിപ്പൂരെത്തിയതായി പൊലീസ് പറയുന്നു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണിത് പൊലീസ് തിരിച്ചറിഞ്ഞത്. കൊടി സുനിയുടെയും കാക്ക രഞ്ജിത്തിന്റെയും കീഴിലുള്ള സ്വര്‍ണ്ണ കവര്‍ച്ച നടത്തുന്ന ക്വട്ടേഷന്‍ സംഘങ്ങളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

മുമ്ബും ഇത്തരം കവര്‍ച്ചകള്‍ കൊടി സുനിയും കാക്ക രഞ്ജിത്തും ജയിലില്‍ നിന്ന് ഓപ്പറേറ്റ് ചെയ്ത സംഭവമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിങ്കളാഴ്ച്ച പിടിയിലായ മുബഷീറാണ് 15 പേരെ കവര്‍ച്ചയ്ക്ക് ഏകോപിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കൊടി സുനിയുടെ സംഘത്തെ നേരിടാനാണ് ചെര്‍പ്പുള്ളശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുവന്നതെന്ന് മുബഷീര്‍ പൊലീസിന് മൊഴി നല്‍കിയതായി സൂചനയുണ്ട്.
ദുബൈയില്‍ നിന്ന് സ്വര്‍ണ്ണവുമായി സംഘം പുറപ്പെട്ടപ്പോള്‍ത്തന്നെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കൃത്യമായി വിവരം ലഭിച്ചിട്ടുണ്ട്. ഈ വിവരം മറ്റ് സംഘങ്ങള്‍ക്കും ചോര്‍ന്ന് കിട്ടിയതോടെയാണ് 15 വാഹനങ്ങളില്‍ കവര്‍ച്ചക്കാരും കടത്തുകാരും കരിപ്പൂരിലെത്തിയതെന്നാണ് വിവരം. സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ സംഘമാണ് രാമനാട്ടുകരയില്‍ വച്ച്‌ വാഹനപകടത്തില്‍ മരിച്ചത്.

അപകടത്തില്‍പ്പെട്ട വാഹനത്തിന് പിന്നാലെയുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ടുപേരും ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ഭാഗത്തേക്ക് ഈ സ്വിഫ്റ്റ് കാര്‍ അമിത വേഗത്തില്‍ ഓടിച്ചുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ വാഹനത്തിലുള്ള രണ്ട് പേര്‍ കൊടിസുനിയുടെ ക്വട്ടേഷന്‍ സംഘമാണോയെന്ന സംശയമാണ് ബലപ്പെടുന്നത്. കണ്ണൂര്‍, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ കൊടി സുനിയ്ക്കും എറണാകുളം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ കാക്ക രഞ്ജിത്തിനും സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്ന ക്വട്ടേഷന്‍ സംഘങ്ങളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക