ദുബായ്: ടോസ് നേടി എതിരാളികളെ ബാറ്റിങിന് വിട്ട് സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കുക എന്ന ലളിത തന്ത്രം ഇം​ഗ്ലണ്ട് സമര്‍ഥമായി ഇത്തവണയും നടപ്പാക്കിയപ്പോള്‍ ഓസ്ട്രേലിയക്കെതിരെ അവര്‍ക്ക് അനായസ വിജയം.കരുത്തന്‍മാര്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ട് വിക്കറ്റിനാണ് ഇം​ഗ്ലണ്ട് എട്ട് വിക്കറ്റിന് അനായാസ വിജയം സ്വന്തമാക്കി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ ടി20 ലോകകപ്പില്‍ അവരുടെ മൂന്നാമത്തെ മാത്രം ചെറിയ സ്കോറായ 125 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട്, മറുപടി ബാറ്റിങ്ങില്‍ 50 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. അതും രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍. ഓസീസിന്റെ ആദ്യ തോല്‍വിയാണിത്. ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ മൂന്നാം ജയവും. ജയത്തോടെ ഇം​ഗ്ലണ്ട് അടുത്ത ഘട്ടത്തിനോട് കൂടുതല്‍ അടുക്കുകയും ചെയ്തു.

അതിവേ​ഗം ബട്ലര്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ടൂര്‍ണമെന്റിലെ അതിവേഗ അര്‍ധ സെഞ്ച്വറി കുറിച്ച്‌ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ മിന്നല്‍പ്പിണറായ ഓപ്പണര്‍ ജോസ് ബട്‍ലറിന്റെ ഇന്നിങ്സാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. ബട്‍ലര്‍ 32 പന്തില്‍ അഞ്ച് വീതം സിക്സും ഫോറും സഹിതം 71 റണ്‍സുമായി പുറത്താകാതെ നിന്നു. ബട്‍ലറിന്റെ കടന്നാക്രമണത്തില്‍ ഓസീസ് ബൗളര്‍മാര്‍ തളര്‍ന്നതോടെ, ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തി.ഓപ്പണിങ് വിക്കറ്റില്‍ ജെയ്സന്‍ റോയിക്കൊപ്പം വെറും 32 പന്തില്‍ 66 റണ്‍സാണ് ബട്‍ലര്‍ അടിച്ചു കൂട്ടിയത്. റോയ് 20 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 22 റണ്‍സെടുത്ത് പുറത്തായി. പവര്‍പ്ലേയില്‍ ഈ ലോകകപ്പിലെ തന്നെ ഏറ്റവുമുയര്‍ന്ന സ്കോറും ഇവര്‍ സ്വന്തമാക്കി. ആദ്യ ആറ് ഓവറില്‍ 66 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇതേ വേദിയില്‍ ശ്രീലങ്കയ്‌ക്കെതിരെ ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്നു നേടിയ 63 റണ്‍സ് ഇവരുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ പിന്നിലായി.എട്ട് പന്തില്‍ ഒരു ഫോര്‍ സഹിതം എട്ട് റണ്‍സെടുത്ത ഡേവിഡ് മലാനാണ് പുറത്തായ മറ്റൊരു താരം. ജോണി ബെയര്‍സ്റ്റോ 11 പന്തില്‍ രണ്ട് സിക്സറുകളുടെ അകമ്ബടിയോടെ 16 റണ്‍സുമായി ബട്‍ലറിന് കൂട്ടായി. ഇംഗ്ലണ്ടിന് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ ഓസീസ് സ്പിന്നര്‍മാരായ ആദം സാംപ, ആഷ്ടണ്‍ ആഗര്‍ എന്നിവര്‍ പങ്കിട്ടു.

ദയനീയം ഓസീസ് ബാറ്റിങ്

ഉജ്ജ്വലമായി പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര. ടോസ് നേടി ഇംഗ്ലണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 125 റണ്‍സില്‍ ഓസീസ് ബാറ്റിങ് നിരയെ ഓള്‍ഔട്ടാക്കി ഇംഗ്ലീഷ് ബൗളിങ് നിര ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിച്ചു.ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് ഒഴികെ മറ്റൊരു താരത്തിനും അധിക നേരം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. ടൈമല്‍ മില്‍സ് ഒഴികെ പന്തെടുത്ത എല്ലാ ഇംഗ്ലീഷ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ഏറെ കഷ്ടപ്പെട്ടാണ് ഓസീസ് ബാറ്റിങ് ഈ സ്‌കോറിലെങ്കിലും എത്തിയത്.നാല് ഫോറുകള്‍ സഹിതം ഫിഞ്ച് 49 പന്തുകള്‍ നേരിട്ട് 44 റണ്‍സ് കണ്ടെത്തി. മാത്യു വെയ്ഡ് 18 റണ്‍സ്, ആഷ്ടന്‍ ആഗര്‍ 20 റണ്‍സ്, മൂന്ന് പന്തില്‍ രണ്ട് സിക്‌സുകള്‍ തൂക്കി 12 റണ്‍സെടത്ത് പാറ്റ് കമ്മിന്‍സ്, 13 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്.ഡേവിഡ് വാര്‍ണര്‍ (ഒന്ന്), സ്റ്റീവന്‍ സ്മിത്ത് (ഒന്ന്), ഗ്ലെന്‍ മാക്‌സ്‌വെല്‍ (ആറ്), മാര്‍ക്കസ് സ്റ്റോയിനിസ് (പൂജ്യം), ആദം സാംപ (ഒന്ന്) എന്നിവരെല്ലാം ക്ഷണത്തില്‍ പവലിയനിലെത്തി. ജോസ് ഹെയ്‌സല്‍വുഡ് പുറത്താകാതെ നിന്നു.ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ക്രിസ് വോക്‌സ്, ടൈമല്‍ മില്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ആദില്‍ റഷീദ്, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക