ലക്‌സംബര്‍ഗ്: സ്വന്തം ഉപയോഗത്തിന് വീട്ടില്‍ കഞ്ചാവു ചെടികള്‍ വളര്‍ത്താന്‍ അനുമതി നല്‍കാനൊരുങ്ങി ലക്‌സംബര്‍ഗ്. നിയമപ്രകാരം കഞ്ചാവ് വീട്ടില്‍ വളര്‍ത്താനും ഉപയോഗിക്കാനും അനുമതിയുള്ള രാജ്യമാകാനുള്ള ഒരുക്കത്തിലാണ് ലക്‌സംബര്‍ഗ്. ലക്സംബര്‍ഗിലെ പ്രായപൂര്‍ത്തിയായവര്‍ക്ക് അവരുടെ വീടുകളിലോ തോട്ടങ്ങളിലോ നാല് കഞ്ചാവ് ചെടികള്‍ വരെ വളര്‍ത്താന്‍ അനുമതി നല്‍കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്.

പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് സ്വന്തം ആവശ്യത്തിനായി നാല് കഞ്ചാവ് ചെടികള്‍ വരെ വീട്ടില്‍ വളര്‍ത്താം. ഇതിനായി നിയന്ത്രണങ്ങളൊന്നുമില്ലാതെ തന്നെ കടകളിലോ ഓണ്‍ലൈനിലോ വിത്തുകള്‍ വാങ്ങാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി ആഭ്യന്തരമായി വിത്ത് ഉത്പാദിപ്പിക്കാന്‍ അനുവദിക്കാനുള്ള ഉദ്ദേശ്യവുമുണ്ട്. എന്നാല്‍, ദേശീയ ഉല്‍പാദന ശൃംഖലയ്ക്കും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള വിതരണത്തിനുമുള്ള പദ്ധതികള്‍ കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് വൈകിയിരുന്നു. വീട്ടില്‍ കഞ്ചാവ് വളര്‍ത്താന്‍ അനുവദിക്കുന്നത് ഇതിന്റെയെല്ലാം ആദ്യത്തെ പടിയാണ് എന്നാണ് നീതിന്യായ മന്ത്രി സാം ടാന്‍സണ്‍ അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍ഡോറായോ ഔട്ട്‌ഡോറായോ വീട്ടില്‍ കഞ്ചാവ് വളര്‍ത്താം. ബാല്‍ക്കണിയിലോ ടെറസിലോ ഗാര്‍ഡനിലോ വളര്‍ത്താം. എന്നാല്‍, പൊതുസ്ഥലത്ത് വിത്തല്ലാതെ വേറെന്തെങ്കിലും കടത്തുന്നതോ ഉപയോഗിക്കുന്നതോ നിയമവിരുദ്ധമായി തുടരും. എന്നാല്‍, മൂന്ന് ഗ്രാം വരെ കൊണ്ടുപോകുന്നതോ ഉപയോഗിക്കുന്നതോ ക്രിമിനല്‍ കുറ്റമാവില്ലെങ്കിലും പിഴ ഈടാക്കും. അനധികൃതമായ കച്ചവടം അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക