ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍ ഇന്നാരംഭിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു ഇന്ന് തുടക്കമാകും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയകരമായി നടപ്പാക്കിയ തലമുറമാറ്റം ഇത്തവണ പാര്‍ട്ടിയിലും കൊണ്ടുവരാനാണ് സി.പി.എം തീരുമാനം. പ്രായപരിധിയുടെ പേരില്‍ ദേശീയതലത്തിലും സംസ്ഥാനത്തും ഒരുപിടി പ്രധാനികള്‍ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി ഒരുതവണ കൂടി തുടരാനാണ് സാധ്യത. ഇല്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള ആരെങ്കിലും ആ സ്ഥാനത്തേക്ക് വന്നേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കാനാണ് സി.പി.എം തീരുമാനം.

വിഭാഗീയത കുറഞ്ഞതോടെ കാര്യമായ സംഘടനാ പ്രശ്നങ്ങള്‍ കേരളത്തിലില്ല. മുന്നണിയും ശക്തം. പാര്‍ട്ടിയിലും സര്‍ക്കാരിലും ഒരു പോലെ ശക്തനായ പിണറായി വിജയനാണ് ഇന്ന് കേരളത്തില്‍ സി.പി.എമ്മിന്റെ അവസാന വാക്ക്. മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ അവധിയില്‍ പോയ കോടിയേരി ബാലകൃഷ്ണന്റെ തിരിച്ചുവരവ് ഈ സമ്മേളന കാലയളവില്‍ ഉണ്ടാകും.

പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രധാന ചുമതലകളില്‍ ഇല്ലാത്ത ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, തോമസ് ഐസക് എന്നിവരുടെ സംഘടനാ ചുമതലകളും തീരുമാനിക്കപ്പെടും. പ്രായപരിധി മാനദണ്ഡം ഏരിയാ തലം വരെയെങ്കിലും സി.പി.എം നടപ്പാക്കും. സ്ഥാനാര്‍ഥി പട്ടികയിലും സര്‍ക്കാരിലും പുതുതലമുറയെ കൊണ്ടുവന്ന സി.പി.എം പാര്‍ട്ടി നേതൃത്വത്തിലും വലിയ മാറ്റങ്ങള്‍ക്കു തയാറാകുമെന്നാണ് പ്രതീക്ഷ. അതു യാഥാ‍‍ര്‍ത്ഥ്യമായാല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും നിന്ന് ഒരുപിടി പ്രമുഖര്‍ ഒഴിവാക്കപ്പെടും.

15ാം തീയതി മുതല്‍ മറ്റു ജില്ലകളിലും ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങും. അഞ്ചു ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങളും മുപ്പതിനായിരത്തോളം ബ്രാഞ്ചുകളുമാണ് സി.പി.എമ്മിലുള്ളത്. ജനുവരിയില്‍ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി ആദ്യ വാരം എറണാകുളത്ത് സംസ്ഥാന സമ്മേളനം നടത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക