പാട്‌ന: ജോലി കഴിഞ്ഞ് കൂലി ചോദിച്ചതിന് ദളിത് യുവാവിനെ അടിച്ചുകൊന്ന് തോട്ടിലെറിഞ്ഞു. നളന്ദയിലെ ബഹാദൂര്‍പൂരിലാണ് സംഭവം.

പാട്ന ജില്ലയിലെ കുന്ദാലി സ്വദേശിയായ 25 കാരന്‍ ഉപേന്ദ്ര രവിദാസിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. പ്രദേശത്തെ ജന്മിയായ ദിനേശ് മേത്തയുടെ കൃഷിയിടത്തിലായിരുന്നു രവിദാസ് ജോലി ചെയ്തിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിവസക്കൂലിയായി നിശ്ചയിച്ചിരുന്ന 10 കിലോ അരി ചോദിച്ചതിനാണ് രവിദാസിനെ ക്രൂരമായി മര്‍ദിച്ചു കൊന്നത്. ശേഷം ഇയാളെ കല്ലില്‍കെട്ടി തോട്ടില്‍ ഒഴുക്കിവിടുകയായിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം ജില്ലയിലാണ് സംഭവം നടന്നത്. രവിദാസിനെ ഞായറാഴ്ച മുതല്‍ കാണാതായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിറകെയാണ് ബഹാദൂര്‍പൂരിനടുത്തുള്ള ഒരു തോട്ടില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്. ഉപേന്ദ്ര രവിദാസും സഹോദരീ ഭര്‍ത്താവായ സിക്കന്ദര്‍ രവിദാസും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്.

ദിവസക്കൂലിയായി 10 കിലോ അരിയായിരുന്നു ദിനേശ് മേത്ത വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, ജോലി കഴിഞ്ഞ് കൂലി ചോദിച്ചപ്പോള്‍ പിന്നീട് വരാന്‍ പറയുകയായിരുന്നു. ഞായറാഴ്ച ഇരുവരും കൂലി ചോദിച്ച് ദിനേശിനെ സമീപിച്ചു. ഇതോടെ ദിനേശും സംഘവും ചേര്‍ന്ന് ഇരുവരെയും അധിക്ഷേപിക്കാനും ആയുധങ്ങളുമായി ആക്രമിക്കാനും തുടങ്ങി.

ഇതിനിടെ സിക്കന്ദര്‍ രക്ഷപ്പെട്ടെങ്കിലും ഉപേന്ദ്രയെ സംഘം തടഞ്ഞുവച്ച് ആക്രണം തുടര്‍ന്നു. ഒടുവില്‍ മരണം ഉറപ്പുവരുത്തിയ ശേഷം കല്ലില്‍കെട്ടി സമീപത്തെ തോട്ടില്‍ മൃതദേഹം ഒഴുക്കിവിടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക