തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കരിങ്കൊടി കണ്ടാല്‍ കലിപ്പിളകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇന്നലെ വഴിനീളെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായി. കറുത്ത മാസ്‌ക്കിനും വിലക്കേര്‍പ്പെടുത്തുന്ന അവസ്ഥയാണ് ഉണ്ടായത്. പൊലീസ് കറുത്ത് മാസ്‌ക്ക് ധരിച്ചവര്‍ക്ക് പകരം മഞ്ഞ മാസ്‌ക്കാണ് നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ കടുത്ത പ്രതിഷേധം നേരിടുന്ന പിണറായി മുന്‍കാലത്ത് കരിങ്കൊടി പ്രതിഷേധത്തെ അനികൂലിച്ച വ്യക്തിയാണ്.

സോളാര്‍ സമര കാലത്തിയിരുന്നു പിണറായിയുടെ കരിങ്കൊടി പ്രകടനത്തിന് അനുകൂലമായ നിലപാട്. കരിങ്കൊടി വീശിയുള്ള സമരത്തെ അനുകൂലിച്ച്‌ 9 വര്‍ഷം മുന്‍പ് പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, അന്നത്തെ പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ചു ചോദ്യം ഉന്നയിക്കുകയാണു പ്രതിപക്ഷവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരിങ്കൊടി വീശുന്നത് ക്രിമിനല്‍ കുറ്റമാണോയെന്നും അതൊരു പ്രതിഷേധത്തിന്റെ രൂപമല്ലേയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ 2013 സെപ്റ്റംബറില്‍ പിണറായി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ആണു പ്രചരിക്കുന്നത്.

പിണറായി അന്നു പറഞ്ഞത് ഇങ്ങനെയാണ്:

കരിങ്കൊടി കാണിക്കാന്‍ പോകുന്നവരുടെ കയ്യില്‍ മുഖ്യമന്ത്രിക്കു നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ. ആ തുണിക്കു പകരം തന്റെ ഷര്‍ട്ട് ഊരി വീശിയെന്നു പറയുന്നു. അതൊരു ക്രിമിനല്‍ കുറ്റമാണോ? പ്രതിഷേധത്തിന്റെ രൂപമല്ലേ, ആ പ്രതിഷേധം പ്രകടിപ്പിച്ചാല്‍ ശാരീരികമായി തകര്‍ക്കും, മാത്രമല്ല ചെറുപ്പക്കാരന്റെ ലൈംഗിക ശേഷി പോലും ഇല്ലാതാക്കും എന്ന നാണംകെട്ട നില എങ്ങനെയാണ് നമ്മുടെ നാട്ടിലെ പൊലീസിന് സ്വീകരിക്കാന്‍ കഴിയുക?പിണറായി വിജയന്‍ (സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ 2013 സെപ്റ്റംബറില്‍ പ്രസംഗിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ സോളര്‍ ആരോപണം ഉയര്‍ന്നപ്പോഴായിരുന്നു ഈ വാക്കുകള്‍.)

അതേസമയം കരിങ്കൊടി കാണിച്ചാല്‍ പൊലീസ് സാധാരണയായി കേസെടുക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 144, 145 വകുപ്പുകള്‍ പ്രകാരം നിയമവിരുദ്ധമായ സംഘം ചേരലിനായിരിക്കും. വഴിതടഞ്ഞു പ്രതിഷേധവും വാഹനത്തിന്റെ മുന്നിലേക്കു ചാടുകയും മറ്റും ചെയ്താല്‍ വകുപ്പ് 341 ചുമത്തും. സംഘം ചേരുന്നതു തുടര്‍ന്നാല്‍ പൊതുസമാധാനം തകര്‍ക്കാന്‍ സംഘം ചേര്‍ന്നതിനുള്ള വകുപ്പ് 151 കൂടി കേസില്‍ ഉള്‍പ്പെടുത്തും. എല്ലാം ജാമ്യം കിട്ടുന്ന വകുപ്പുകളാണെങ്കിലും പിഴയും 2 വര്‍ഷം വരെ തടവും കിട്ടാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക