കൊച്ചി: സമീപകാലത്ത് അറബിക്കടലിൽ കോസ്റ്റ് ഗാർഡും തീരസംരക്ഷണ സേനയും നടത്തുന്ന ലഹരിമരുന്നു വേട്ടകൾക്കു കൃത്യമായി വഴികാട്ടുന്നത് ആരാണ്? ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സിംഗപ്പൂരിൽ തൂക്കിലേറ്റപ്പെട്ട നാഗേന്ദ്രൻ ധർമലിംഗം, സമാനമായ കേസിൽ കേരളത്തിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്ന സബേശൻ എന്ന എ. സദ്ഗുണം എന്നിവരിൽനിന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്കു ലഭിച്ച രണ്ടു സുപ്രധാന മൊഴികളാണ് ഇതിൽ നിർണായകം. രാജ്യാന്തര വിപണിയിലെ ‘ഇന്ത്യൻ കാർട്ടലിനെ’ക്കുറിച്ചുള്ള തുറന്നുപറച്ചിലുകളാണ് ഇവരുടെ മൊഴികൾ. ഇന്ത്യക്കാർ നടത്തുന്ന വൻകിട ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഇവരുടെ മൊഴികളിലുണ്ട്.

അതിൽത്തന്നെ, ദക്ഷിണേന്ത്യൻ സിനിമാരംഗവുമായി നേരിട്ടു ബന്ധമുള്ള ലഹരി ഇടപാടുകാരുടെ വിവരങ്ങൾ അടങ്ങിയതാണു സദ്ഗുണത്തിന്റെ മൊഴികൾ. നാഗേന്ദ്രൻ ധർമലിംഗത്തെ ഇക്കഴിഞ്ഞ ഏപ്രിൽ 27നാണ് സിംഗപ്പൂരിൽ തൂക്കിലേറ്റിയത്. സദ്ഗുണം ഇപ്പോഴും കേരളത്തിലെ അതിസുരക്ഷാ ജയിലിലുണ്ട്. നാഗേന്ദ്രൻ ധർമ്മലിംഗവും സുബേശനും നൽകിയ മൊഴികൾ പുറത്തുവന്നാൽ അതു വലിയ രാഷ്ട്രീയ വിവാദങ്ങൾക്കു വഴിയൊരുക്കുമെന്നാണ് സൂചന. കാരണം, ദക്ഷിണേന്ത്യയിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് കൃത്യമായ ഫണ്ടിങ്ങും ഇന്ത്യൻ കാർട്ടൽ നടത്തുന്നതായാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

42.72 ഗ്രാം ഹെറോയിനുമായി 2009 ലാണു നാഗേന്ദ്രനെ മലേഷ്യ– സിംഗപ്പൂർ കോസ്‍വെ ചെക്ക് പോസ്റ്റിൽ അറസ്റ്റ് ചെയ്തത്. വിചാരണയെ തുടർന്ന് വധശിക്ഷ വിധിച്ചെങ്കിലും അപ്പീൽ നൽകി. മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ ദയാഹർജി തള്ളിയിരുന്നു. സിംഗപ്പൂരിലെ നിയമപ്രകാരം 15 ഗ്രാമിലേറെ ഹെറോയിൻ കൈവശം വച്ചാൽ വധശിക്ഷ ലഭിക്കാം.

2009ൽ എവിടെ നിന്നാണു തനിക്കു ഹെറോയിൻ കിട്ടുന്നതെന്നു വെളിപ്പെടുത്തി നാഗേന്ദ്രൻ നൽകിയ മൊഴികളിൽ പറയുന്ന അതേ കടൽപാതയിലൂടെയാണ് ഇന്നും ഇന്ത്യൻ കാർട്ടൽ ബോട്ടുമാർഗം ലഹരി കടത്തുന്നത്. സദ്ഗുണം നൽകിയ മൊഴികൾ പുതിയതാണ്. എകെ 47 തോക്കുകളും ലഹരിമരുന്നുമായി കോസ്റ്റ് ഗാർഡ് വിഴിഞ്ഞത്തിനു സമീപം പിടികൂടിയ ശ്രീലങ്കൻ ബോട്ടിലുണ്ടായിരുന്ന പ്രതികളിൽ ഒരാളാണ് സദ്ഗുണം.

2021 മാർച്ച് 18നാണു സദ്ഗുണവും കൂട്ടാളികളും സഞ്ചരിച്ചിരുന്ന ശ്രീലങ്കൻ റജിസ്ട്രേഷനുള്ള ബോട്ട് പിടിക്കപ്പെട്ടത്. തിരുവനന്തപുരം വിഴിഞ്ഞത്തിനു സമീപം പുറംകടലിൽ നടത്തിയ തിരച്ചിലിലായിരുന്നു ഇവർ പിടിയിലായത്. പ്രതികളുടെ പക്കൽ നിന്നു 300 കിലോഗ്രാം ലഹരി പദാർഥങ്ങളും അഞ്ചു തോക്കും 1000 വെടിക്കോപ്പുകളും അന്നു പിടിച്ചെടുത്തു. അറബിക്കടലിലെ ലഹരിപാതകൾ അടയ്ക്കാനുള്ള സമഗ്രമായ കർമ്മപദ്ധതി കേന്ദ്രസർക്കാരിന്റെ പക്കലുണ്ട്. അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണു രണ്ടു വർഷം മുൻപു പദ്ധതി തയാറാക്കി കേന്ദ്രസർക്കാരിനു നൽകിയത്. രാജ്യാന്തര കപ്പൽ ചാലിനോടു ചേർന്നു കിടക്കുന്ന ലക്ഷദ്വീപിനു സമീപം നിയമവിരുദ്ധ ഉൽപ്പന്നങ്ങളുടെ കടത്തു തടയാൻ കസ്റ്റംസ് പ്രിവന്റീവിന്റെ സമ്പൂർണ യൂണിറ്റ് അഗത്തിയിൽ വേണമെന്നായിരുന്നു ഇതിലെ പ്രധാന ശുപാർശ. ഈ ശുപാർശ ഫയലിൽ ഉറങ്ങുമ്പോഴാണു വൻ ലഹരിപിടുത്തങ്ങളുടെ വാർത്താകുറിപ്പുകൾ ഇടയ്ക്കെങ്കിലും മാധ്യമങ്ങൾക്കു ലഭിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക