കോട്ടയം: നഗരമധ്യത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി ഒന്നര ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തടവിൽ വച്ചു മർദിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ വേളൂർ പെരുമ്പായിക്കാട് സലിം മൻസിലിൽ ഷംനാസിനെ(38)യാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 20 നായിരുന്നു കേസിനാസ്പദമായ സംഭവം. നാഗമ്പടത്തെ ഓട്ടോറിക്ഷാ ഡ്രൈവറെയാണ് ഷംനാസും, ഗുണ്ടാ സംഘാംഗമായ പനച്ചിക്കാട് കൊല്ലാട് ബോട്ട്ജട്ടികവല ഭാഗത്ത് ഏലമല വീട്ടിൽ രതീഷും (ഇരുട്ട് രതീഷ് – 40) ചേർന്നു തട്ടിക്കൊണ്ടു പോയി മർദിച്ചത്.

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഷംനാസിനെ നേരത്തെ മറ്റൊരു കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ഷംനാസിനെ ഒറ്റിയത് ഈ ഓട്ടോഡ്രൈവറാണ് എന്ന് ആരോപിച്ചാണ് ഇയാൾ ഓട്ടോഡ്രൈവറെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ വച്ച് മർദിച്ചത്. കോടതിയിൽ കേസിന്റെ ആവശ്യത്തിനായി ചിലവായ തുകയായ ഒന്നര ലക്ഷം രൂപ നൽകിയെങ്കിൽ മാത്രമേ ഇയാളോ മോചിപ്പിക്കൂ എന്നായിരുന്നു പ്രതികൾ അറിയിച്ചത്. അക്രമി സംഘത്തിൽ നിന്നും രക്ഷപെട്ട ദിലീപ്, പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു, ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദേശാനുസരണം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ മേൽനോട്ടത്തിൽ പൊലീസ് സംഘം ആദ്യം ഇരുട്ട് രതീഷിനെ പിടികൂടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ ഷംനാസിനെ പിടികൂടിയത്. കാപ്പ ചുമത്തിയതിനെ തുടർന്നു ഡിവൈ.എസ്.പിയുടെ ഓഫിസിലെത്തി ഇയാൾ ഒപ്പിട്ടിരുന്നു. ഇതിനിടെയാണ് യുവാവിനെ തട്ടിക്കൊണ്ടു പോയതും ആക്രമിച്ചതും. ഈ കേസിൽ കൂടി അറസ്റ്റിലായതോടെ ഷംനാസിനെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ വയ്ക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക