ചണ്ഡിഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും രാജി. മന്ത്രിമാരായ പര്‍ഗത് സിംഗും റസിയ സുല്‍ത്താനയുമാണ് രാജിവെച്ചത്. പി.സി.സി അധ്യക്ഷന്‍ സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇരുവരുടെയും രാജി. പി.സി.സി അധ്യക്ഷന്‍ നവ്യോത് സിങ് സിദ്ദു ഇന്ന് രാജിവെച്ചിരുന്നു. തുടര്‍ന്ന് പി.സി.സി ട്രഷറര്‍ ഗുല്‍സാര്‍ ഇന്ദര്‍ ചഹാറും രാജിവെച്ചു. ഇതിന് പിന്നാലെയാണ് സിദ്ദുവിനെ പിന്തുണച്ച് റസിയ സുല്‍ത്താനയുടെയും പര്‍ഗത് സിംഗിന്റെയും രാജി.

മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുമായുള്ള അഭിപ്രായ ഭിന്നതയാണ് സിദ്ദുവിന്റെ രാജിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സിദ്ദുവിന്റെ നോമിനിയായാണ് ചന്നി മുഖ്യമന്ത്രിയായത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ രാജി വെച്ചതോടെയാണ് ചന്നി മുഖ്യമന്ത്രിയായത്. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെ ഇരുവരും തമ്മില്‍ ഇടയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പിന് നില്‍ക്കാന്‍ സാധിക്കില്ലെന്ന് കാട്ടിയാണ് സിദ്ദു പി.സി.സി അധ്യക്ഷസ്ഥാനം രാജി വെച്ചത്. സ്ഥാനം രാജി വെച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നാണ് സിദ്ദു അറിയിച്ചിരിക്കുന്നത്. ‘ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നതോടെ ഒരാളുടെ വ്യക്തിത്വം തകര്‍ന്നു തുടങ്ങും. പഞ്ചാബിന്റെ നല്ല ഭാവിയിലും ക്ഷേമത്തിലും എന്തെങ്കിലും ഒത്തുതീര്‍പ്പിന് ഞാന്‍ തയ്യാറല്ല. അതിനാല്‍ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം ഞാന്‍ രാജിവയ്ക്കുന്നു. സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസില്‍ തുടരും’ സോണിയഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ സിദ്ദു എഴുതി. ഏറെ വിവാദങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ് നേതൃത്വം സിദ്ദുവിനെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സിദ്ദുവിന്റെ അധ്യക്ഷസ്ഥാനത്തെ എതിര്‍ത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക