കൊട്ടിയൂര്‍ പീഡനക്കേസ് ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയില്‍. ഇരയായ പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന പ്രതി റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇര നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.
ഹര്‍ജിയിലെ പ്രധാന ആവശ്യം പുറത്തുവിട്ടിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ റോബിന്‍ വടക്കുംചേരിക്ക് ഇരുപത് വര്‍ഷം കഠിനതടവും, മൂന്ന് ലക്ഷം രൂപ പിഴയുമാണ് തലശേരിയിലെ വിചാരണക്കോടതി വിധിച്ചത്.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പിതാവില്‍ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ പ്രതിയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായിരുന്നു. പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ മൊഴി മാറ്റി പറഞ്ഞ കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക