പന്തളം : പാലായിലുണ്ടായ വാഹനാപകടത്തില്‍ ‘മരിച്ച’ യുവാവ് 3 മാസത്തിനുശേഷം ജീവനോടെ കായംകുളത്ത്. യുവാവിന്റേതെന്നു കരുതി സംസ്കരിച്ച മൃതദേഹം ആരുടേതെന്നറിയാതെ പൊലീസ്. പൂഴിക്കാട് വിളയില്‍ കിഴക്കേതില്‍ സക്കായി എന്നു വിളിക്കുന്ന വി.കെ. സാബുവിനെ (35) ആണ് ഇന്നലെ രാവിലെ കായംകുളത്തു കണ്ടെത്തിയത്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ പാലാ ഇടപ്പാടിയില്‍ വാഹനമിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെയാണ് സാബുവെന്നു തെറ്റിദ്ധരിച്ച് സംസ്കരിച്ചത്. പാലാ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് 26ന് അപകടവിവരം വിളിച്ചു പറഞ്ഞതെന്ന് സാബുവിന്റെ സഹോദരന് സജി പറയുന്നു. പാലായിലെത്തിയ സജിയും ബന്ധുക്കളും മൃതദേഹം സാബുവിന്റേതു തന്നെയെന്നു ‘തിരിച്ചറിഞ്ഞു’. സാബുവിന് മുന്‍ ഭാഗത്തെ 3 പല്ലുകള്‍ ഇല്ലായിരുന്നു. മൃതദേഹത്തിലും ഇങ്ങനെ തന്നെയായിരുന്നതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
മൃതദേഹത്തില്‍നിന്നു ഡിഎന്‍എ സാംപിള്‍ ശേഖരിച്ചെങ്കിലും പരിശോധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിച്ച മൃതദേഹം കുടശനാട് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ സംസ്കരിച്ചു. ഇതിനിടെയാണ് ഇന്നലെ രാവിലെ 8ന് കായംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ച് ബസ് ഡ്രൈവറായ മുരളീധരന് നായര്‍ സാബുവിനെ കാണുന്നത്. ഇദ്ദേഹം ഓടിച്ചിരുന്ന ബസില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സാബു ജോലി ചെയ്തിരുന്നു. മുരളീധരന് നായരാണ് ‘മരണ വിവരം’ സാബുവിനെ അറിയിക്കുന്നത്.
സ്ഥിരം ജോലിയില്ലാത്ത സാബു പലയിടങ്ങളിലായി ചെറുകിട ജോലികള്‍ ചെയ്താണ് ജീവിച്ചിരുന്നത്. വര്‍ഷത്തിലൊരിക്കലോ മറ്റോ ആണ് വീട്ടിലേക്ക് വന്നിരുന്നതെന്നു ബന്ധുക്കള്‍ പറയുന്നു. സാബുവിനെ കണ്ടെത്തിയതോടെ പാലായില്‍ അപകടത്തില്‍ മരിച്ചത് ആരാണെന്ന അന്വേഷണത്തിലാണ് പൊലീസ്. വിവിധ സ്റ്റേഷനുകളിലായി സാബുവിനെതിരെ കേസുണ്ടായിരുന്നതായി അടൂര്‍ ഡിവൈഎസ്പി ബി. വിനോദ് പറഞ്ഞു. നവംബറില്‍ തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്നു 46,000 രൂപ മോഷ്ടിച്ച കേസില്‍ ഇയാളെ തിരുവനന്തപുരം പൊലീസിനു കൈമാറുമെന്നും പറഞ്ഞു.