കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റില്‍ യുവതിയെ തടങ്കലില്‍ പാർപ്പിച്ചു ലൈംഗികമായും ദേഹോദ്രപവുമെൽപ്പിച്ച സംഭവത്തിലെ കേസിലെ പ്രതിക്കായി തൃശൂര്‍ കേന്ദ്രീകരിച്ചു വ്യാപക തിരച്ചില്‍. പ്രതിയും തൃശൂര്‍ സ്വദേശിയുമായ പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫിനായാണ്‌ കൊച്ചിയില്‍നിന്നുള്ള അന്വേഷണ സംഘം തൃശൂര്‍ പോലീസിന്റെ കൂടി സഹായത്തോടെ തെരച്ചില്‍ നടത്തുന്നത്‌. മാര്‍ട്ടിന്‍ ജോസഫ്‌ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള മേഖലകളിലാണ്‌ തെരച്ചില്‍. ലുക്ക്‌ ഔട്ട്‌ നോട്ടീസും ക്രൈം കാര്‍ഡും പുറപ്പെടുവിച്ചതിനാല്‍ ഇയാള്‍ പുറത്തു കറങ്ങിനടക്കാന്‍ സാധ്യതയില്ലെന്നാണ്‌ അനേ്വഷണസംഘത്തിന്റെ വിലയിരുത്തല്‍. കേസനേ്വഷണത്തിനു സൈബര്‍ വിദഗ്‌ധരടക്കമുള്ളവരുടെ പ്രത്യേകസംഘത്തെയാണ്‌ ചുമതലപ്പെടുത്തിയിട്ടുള്ളത്‌.എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റിലാണ്‌ കണ്ണൂര്‍ സ്വദേശിയായ 27 വയസുകാരിയെ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ എട്ടു വരെ തടങ്കലില്‍വച്ചു ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്‌. എറണാകുളത്ത്‌ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്‌തുവരുമ്ബോഴാണ്‌ യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്‌. ഇവര്‍ ഒരുമിച്ച്‌ താമസിച്ചുവരികയുമായിരുന്നു. മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച്‌ യുവതി ഫ്‌ളാറ്റില്‍നിന്നു രക്ഷപ്പെട്ടു. യുവതി നല്‍കിയ പരാതിയില്‍ ഏപ്രില്‍ എട്ടിന്‌ എറണാകുളം സെന്‍ട്രല്‍ പോലീസ്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത്‌ അനേ്വഷണം ആരംഭിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ്‌ പ്രതിയെ പിടികൂടുന്നില്ലെന്ന ആരോപണം ശക്‌തമാണ്‌.