കൊച്ചി: കാക്കനാട് ലഹരി മരുന്ന് കേസില്‍ എക്‌സൈസ് ജില്ലാ യൂണിറ്റ് വിട്ടയച്ച യുവതി അറസ്റ്റില്‍. തിരുവല്ല സ്വദേശിനി ത്വയ്ബയാണ് അറസ്റ്റിലായത്. രാവിലെ പത്തു മണി മുതല്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ചെന്നൈയില്‍നിന്ന് എംഡിഎംഎ കേരളത്തില്‍ എത്തിച്ച സംഘത്തിലുണ്ടായിരുന്നെന്ന് ഇവര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.

കസ്റ്റഡിയിലെടുത്ത യുവതിയെ നേരത്തെ ഒഴിവാക്കിയത് കാമുകനായ പ്രതി കേണപേക്ഷിച്ചതോടെ എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. കാമുകിക്ക് രണ്ട് കുട്ടികള്‍ ഉള്ള കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യപ്രതി എക്സൈസിന്റെ കാലുപിടിച്ചത്. കേസില്‍ ഏഴു പേരെ കസ്റ്റഡിയിലെടുത്തതു മുതല്‍ മുഖ്യപ്രതി തന്റെ കാമുകിയെ ഒഴിവാക്കണമെന്ന് എക്സൈസിനോട് അപേക്ഷിച്ചുകൊണ്ടിരുന്നു. മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച്‌ കാമുകിക്ക് ഒന്നും അറിയില്ലെന്നും താന്‍ ആവശ്യപ്പെട്ട പ്രകാരം അപ്പാര്‍ട്ട്‌മെന്റില്‍ വന്നതാണെന്നുമാണ് ഇയാള്‍ പറഞ്ഞത്. കാമുകിക്ക് രണ്ട് കുട്ടികളുള്ളതാണെന്നും കേസില്‍ കുടുക്കിയാല്‍ ഇവരുടെ കാര്യം കഷ്ടമാകുമെന്നെല്ലാം പറഞ്ഞതോടെ എക്സൈസ് ഉദ്യോഗസ്ഥരുടെ മനസ്സലിയുകയായിരുന്നു. ഇതോടെ ഇവരെ ഒഴിവാക്കാന്‍ ഉദ്യോഗസ്ഥന്‍ തീരുമാനിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇവരെ കേസില്‍ പ്രതിചേര്‍ക്കാതെ മാറ്റിനിര്‍ത്തിയതിനെ പ്രതി ശബ്ന തന്നെ എക്സൈസ് ഓഫീസില്‍വെച്ച്‌ ചോദ്യം ചെയ്തിരുന്നു. കേസില്‍ ഇവര്‍ക്കും പങ്കുണ്ടെന്നായിരുന്നു ശബ്ന പറഞ്ഞത്. എന്നാല്‍, ഇതിനെ കേസിലെ മുഖ്യപ്രതി എതിര്‍ക്കുകയും ശബ്‌നയെ തടയാന്‍ ശ്രമിക്കുകയും ചെയ്തു.വാഹനത്തില്‍ മറ്റു പ്രതികള്‍ക്കൊപ്പം ത്വയ്ബ യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. നേരത്തേ പിടിയിലായ മറ്റു പ്രതികള്‍ ലഹരിക്കടത്തില്‍ ഇവരുടെ പങ്ക് വ്യക്തമാക്കി. ഇതോടെ ത്വയ്ബയെയും മറ്റു പ്രതികളെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഇവര്‍ ലഹരിക്കടത്തിലെ മുഖ്യകണ്ണിയാണെന്നു സമ്മതിച്ചതും അറസ്റ്റു രേഖപ്പെടുത്തിയതും.

മറ്റു പ്രതികള്‍ക്കൊപ്പം ഇവരെ പ്രതിചേര്‍ക്കാതെ വിട്ടയച്ചത് വിവാദമായതോടെ രാവിലെ കസ്റ്റംസ് ഓഫിസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും, ലഹരി കടത്തലിന് അകമ്ബടിയായി ഉപയോഗിച്ചിരുന്ന നായ്ക്കളെ കൊണ്ടുപോയ സ്ത്രീയെയും ചോദ്യം ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ലഹരി കടത്തുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുമ്ബോഴേ അറസ്റ്റു കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

ഹൈക്കോടതിയിലെ അഭിഭാഷകയ്‌ക്കൊപ്പമാണ് ഇവര്‍ ചോദ്യം ചെയ്യലിനു ഹാജരായത്. കഴിഞ്ഞ 19നാണ് കാക്കനാട് വാഴക്കാലയിലെ ഫ്‌ളാറ്റില്‍നിന്ന് 84 ഗ്രാം ലഹരിയുമായി സംഘം അറസ്റ്റിലായത്. പിന്നീട് ഇവര്‍ താമസിച്ച ഫ്‌ളാറ്റിലെ അലക്കാനുള്ള തുണികള്‍ ഇടുന്ന സ്ഥലത്തുനിന്ന് ഒരുകിലോയിലേറെ ലഹരി കണ്ടെടുത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് വിട്ടയച്ച പ്രതിക്കെതിരെ ആരോപണം ഉയര്‍ന്നത്. പ്രതിയായ ശബ്‌ന മയക്കുമരുന്നടങ്ങിയ കവര്‍ എടുത്തുകൊണ്ടുപോകുമ്ബോഴും യുവതി അരികില്‍ നില്‍ക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. ഇതിനാല്‍ത്തന്നെ മയക്കുമരുന്ന് ഒളിപ്പിച്ച കാര്യം യുവതിക്ക് അറിയാമെന്ന് സംശയം ഉയര്‍ന്നിരുന്നു.

അതേസമയം, കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ എന്തുകൊണ്ട് കേസില്‍ നിന്ന് ഒഴിവാക്കിയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാമെന്ന ഉറപ്പില്‍ കേസില്‍ പിടിയിലാകുന്ന ചിലരെ ഒഴിവാക്കുന്ന രീതി എക്സൈസിനും പൊലീസിനുമുണ്ട്. കേസില്‍ വലിയ ബന്ധമില്ലാത്തവരെയാണ് ഇങ്ങനെ ഒഴിവാക്കാറ്. ഇങ്ങനെയാണോ യുവാവിനെ കേസില്‍ പ്രതിയാക്കാതെ മാറ്റിനിര്‍ത്തിയതെന്നാണ് സംശയിക്കുന്നത്.അതേസമയം, ഏത് സാഹചര്യത്തില്‍ പ്രതികളെ ഒഴിവാക്കിയാലും പരിശോധനയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരോട് ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം, പ്രതികള്‍ക്ക് കേസില്‍ എത്രത്തോളം പങ്കുണ്ടെന്ന് പറയാന്‍ സാധിക്കുക പരിശോധനയ്ക്ക് പോകുന്ന ഉദ്യോഗസ്ഥരാകും. എന്നാല്‍, ഇതിന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥര്‍ മുതിര്‍ന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക