കോഴിക്കോട് : നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ യുവതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എറണാകുളം സ്വദേശിനിയായ യുവതിയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് യുവതി സ്റ്റേഷനില്‍ കീഴടങ്ങിയത്.

നേരത്തെ രണ്ട്പേരെ വിവാഹം കഴിച്ചിട്ടുള്ള യുവതിക്ക് 13 വയസ്സുള്ള പെണ്‍കുട്ടിയുമുണ്ട്. ഈ വിവരങ്ങളെല്ലാം മറച്ചുവച്ചാണ് പന്തീരങ്കാവ് സ്വദേശിയെ യുവതി വിവാഹം കഴിക്കുന്നത്. എറണാകുളത്തുള്ള വീട്ടുകാര്‍ക്ക് ഇത്തരത്തിലൊരു വിവാഹത്തെ കുറിച്ച്‌ അറിയില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇപ്രകാരം: വിവാഹിതയും 13 വയസുള്ള പെണ്‍കുട്ടിയുടെ മാതാവുമാണ് 35കാരിയായ വീട്ടമ്മ. ഇവര്‍ ഭര്‍ത്താവുമായി അകന്നു കഴിയുന്നതിനിടെയാണ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഒരു വര്‍ഷം മുമ്ബാണ് ഈ വിവാഹം നടന്നത്. നേരത്തെ വിവാഹം കഴിച്ച കാര്യവും, കുട്ടിയുണ്ടെന്ന കാര്യവും ഇവര്‍ പന്തീരാങ്കാവിലെ പുതിയ ഭര്‍ത്താവില്‍നിന്ന് മറച്ചുവെച്ചു.

എറണാകുളത്തുള്ള സ്വന്തം വീട്ടുകാരെയും അറിയിക്കാതെയായിരുന്നു പുതിയ വിവാഹം. ബ്യൂട്ടീഷ്യനായി ജോലി ചെയ്തിരുന്ന ഇവര്‍ ജോലി സംബന്ധമായി കോഴിക്കോട് താമസിക്കുന്നു എന്ന് മാത്രമാണ് വീട്ടുകാരോട് പറഞ്ഞത്. നാലു ദിവസം മുമ്ബ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിസേറിയനിലൂടെയായിരുന്നു ഇവരുടെ രണ്ടാമത്തെ പ്രസവം നടന്നത്.

അതിനിടെയിലാണ് യുവതി നേരത്തേ വിവാഹിതയായിരുന്നെന്നും 13 വയസുള്ള പെണ്‍കുട്ടിയുണ്ടെന്നുമുള്ള വിവരം ഭര്‍തൃവീട്ടുകാര്‍ അറിഞ്ഞത്. ഇതോടെ നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പന്തീരങ്കാവിലുള്ള ഭർത്താവിൻറെ വീട്ടില്‍ ഉപേക്ഷിച്ച്‌ യുവതി കടന്നു കളയുകയായിരുന്നു. ഇതേ തുടര്‍ന്ന് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

ഈ വിവരം അറിഞ്ഞ യുവതി തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയാണുണ്ടായത്. പന്തീരാങ്കാവ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നേരത്തേ ഇവര്‍ രണ്ടു വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഒരു മാസം താമസിച്ച ശേഷം രണ്ടാമത്തെ ഭര്‍ത്താവിനെ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 14 ദിവസത്തേക്കാണ് യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക