തിരുവനന്തപുരം: സിബിഎസ്‌ഇ പരീക്ഷ കണക്കാക്കിയാകും നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയുടെ കാര്യത്തില്‍ തീരുമാന്മെടുക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. മൂന്ന് മുഖ്യരാഷ്ട്രീയകക്ഷികള്‍ക്ക് പുറമേ, ചീഫ് സെക്രട്ടറിയുമായും സുനില്‍ അറോറ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡ് കണക്കാക്കി, കര്‍ശനമാനദണ്ഡങ്ങളോടെയാകും ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുക. പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കുള്ള മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഒപ്പം നടത്തും. അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിലവില്‍ 2.67 കോടി വോട്ടര്‍മാരാണുള്ളത്. പ്രചാരണം നടത്തുമ്ബോള്‍ കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ. ഒരു ബൂത്തില്‍ 1000 വോട്ടര്‍മാര്‍ മാത്രം മതി. വോട്ടെടുപ്പ് സമയം നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം പിന്നീട് സ്വീകരിക്കും. സോഷ്യല്‍ മീഡിയയിലും മറ്റ് മാദ്ധ്യമങ്ങളിലും വരുന്ന വ്യാജവാര്‍ത്തകള്‍ കര്‍ശനമായി നിയന്ത്രിക്കും. മൂന്ന് വടക്കന്‍ ജില്ലകള്‍ പ്രശ്നബാധിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അവിടങ്ങളില്‍ കര്‍ശനസുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാവരും ഓണവും വിഷുവും റംസാനും തീയതികളനുസരിച്ച്‌ മാത്രമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന് ആവശ്യപ്പെട്ടുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ബിഹാറിന് മികച്ച രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കൊവിഡ് കാലത്ത് കഴിഞ്ഞെങ്കില്‍ കേരളത്തിലും അത് സാധിക്കും. കേരളത്തിന്റെ ഇരട്ടി ജനസംഖ്യയുള്ള സംസ്ഥാനമാണ് ബിഹാര്‍ എന്നും സുനില്‍ അറോറ ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2