വീറും വാശിയും വാനോളം ഉയരുന്ന തെരഞ്ഞെടുപ്പാണ് പാലായിൽ ഇത്തവണ നടക്കുന്നത്. എംഎൽഎ ആയ മാണി സി കാപ്പനോട് ആണ് ജോസ് കെ മാണിയുടെ മത്സരം. ലോക്സഭയിലെ കാലാവധി തീരുവാൻ ഒരു വർഷത്തിലധികം സമയമുള്ളപ്പോൾ അത് ഉപേക്ഷിച്ച് യുഡിഎഫിനോട് രാജ്യസഭ വിലപേശി വാങ്ങിയ ജോസ് കെ മാണി, രാജ്യസഭയുടെ കാലാവധി മൂന്നര വർഷക്കാലം ബാക്കിയുള്ളപ്പോൾ അതും ഉപേക്ഷിച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നത് വിശദീകരിക്കുവാൻ പ്രചരണ രംഗത്തുള്ളവർ  ബുദ്ധിമുട്ടുണ്ട്. കെഎം മാണിയെ കോഴക്കാരൻ ആക്കിയ ഇടതുമുന്നണിയുമായി അദ്ദേഹം സഹകരിക്കുന്ന രാഷ്ട്രീയവും പാലായിൽ ചർച്ചയാണ്. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെഎംമാണി ജനപ്രതിനിധി ആകുന്നതിനുമുമ്പ് പാലാ വെറും പന്നി കാടായിരുന്നു എന്ന ജോസ് കെ മാണിയുടെ പ്രസ്താവനയും വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു.

പുതു വിവാദം:

എന്നാൽ ഇപ്പോൾ ഇതിനേക്കാളെല്ലാം വലിയ ഒരു പ്രതിസന്ധിയിലാണ് കേരള കോൺഗ്രസ്. റബർ കർഷകർക്ക് വെല്ലുവിളിയാകുന്ന സിന്തറ്റിക്ക് റബർ കേരളത്തിൽ മൊത്ത വിതരണം നടത്തുന്ന കമ്പനിയിൽ ജോസ് കെ മാണിക്കുള്ള നിക്ഷേപമാണ് ഇപ്പോൾ വോട്ടർമാർക്കിടയിൽ ചർച്ചയാകുന്നത്.

റോയൽ മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ്: റിലയൻസ് ഇൻഡസ്ട്രീസ് എന്ന ആഗോള കുത്തക കമ്പനിയുടെ കേരളത്തിലെ മൊത്തവിതരണക്കാർ ആണ് റോയൽ മാർക്കറ്റിംഗ്. ജോസ് കെ മാണിയുടെ സഹോദരിയും ഭർത്താവും ആണ് ഈ ലിമിറ്റഡ് ലയബിലിറ്റി കമ്പനിയുടെ രണ്ട് ഡയറക്ടർമാർ. ഈ കമ്പനിയിൽ ആണ് ജോസ് കെ മാണിയുടെ ഭാര്യയ്ക്ക് നിക്ഷേപം ഉള്ളത്.

തിരഞ്ഞെടുപ്പിൽ കൊടുത്തിരിക്കുന്ന സത്യവാങ്മൂലം പ്രകാരം ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന് 70 ലക്ഷത്തോളം രൂപയുടെ നിക്ഷേപമാണ് ഈ കമ്പനിയിൽ ഉള്ളത്. ഇത്തരത്തിൽ റബർകർഷകരുടെ സംരക്ഷണം മുദ്രാവാക്യം ആക്കിയ രാഷ്ട്രീയ പാർട്ടിയുടെ ചെയർമാൻ തന്നെ റബർ കർഷകർക്ക് വെല്ലുവിളിയാകുന്ന ഉൽപ്പന്നങ്ങളുടെ മൊത്ത വിതരണ കമ്പനിയിൽ ഓഹരി പങ്കാളിത്തം കയ്യാളുന്നത് ഇരട്ടത്താപ്പാണ് എന്ന ആരോപണമാണ് യുഡിഎഫ് ഉയർത്തുന്നത്. 2016ൽ പിസി ജോർജ് ആണ് ആദ്യമായി ഈ വിവാദം ഉയർത്തിയത്. ഇതിനോട് അന്നും ഇന്നും കൃത്യമായി പ്രതികരിക്കുവാൻ ജോസ് കെ മാണി തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു വിവാദം ഉയർന്നു വരുന്നത് കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Featured Image Courtsey : Facebook.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2