കണ്ണൂര്‍: കല്യാണം കഴിഞ്ഞ ഉടന്‍ ഭര്‍ത്താവുമായി ഉടക്കി ഭര്‍തൃഗൃഹത്തില്‍ കയറുകയില്ലെന്നും കാമുകനൊപ്പം പോകുകയാണെന്നും പ്രഖ്യാപിച്ച്‌ യുവതി. പയ്യന്നൂര്‍, വണ്ണാറപ്പാറയിലാണ് സംഭവം. കല്യാണം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലേയ്ക്കുള്ള യാത്രക്കിടയില്‍ പരസ്പരം ഉടക്കി പിരിഞ്ഞ നവവധൂവരന്‍മാര്‍ ഒടുവില്‍ രണ്ടു വഴിക്കു പിരിഞ്ഞു. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ വീട്ടില്‍ കയറില്ലെന്ന് വാശിപിടിച്ച്‌ പിണങ്ങി വധു പൊലീസ് സ്റ്റേഷനില്‍ കയറുകയായിരുന്നു.

ഒരു വര്‍ഷം മുന്‍പാണ് ദുബായില്‍ ജോലിചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാറപ്പാറ സ്വദേശിയും പയ്യന്നൂര്‍ കോറോത്തെ യുവതിയുമായി വിവാഹം നിശ്ചയിച്ചത്. ദുബായില്‍ നിന്ന് നവവരന്‍ ഭാവിഭാര്യയ്ക്ക് മൊബൈല്‍ ഉള്‍പ്പെടെ ധാരാളം സമ്മാനങ്ങളും കൈമാറിയിരുന്നു. ആ ഫോണിലൂടെയാണ് ഇരുവരും സംസാരിച്ചിരുന്നത്. ഒടുവില്‍ വിവാഹത്തിനായി കഴിഞ്ഞമാസം യുവാവ് നാട്ടിലെത്തി. തുടര്‍ന്ന് ഞായറാഴ്ച ഇരുവരുടെയും വിവാഹം പയ്യന്നൂരിലെ ഓഡിറ്റോറിയത്തില്‍ ആര്‍ഭാടമായി നടന്നു. വിവാഹം കഴിഞ്ഞ് വണ്ണാറപ്പാറയിലെത്തിയ യുവതി വരന്റെ വീട്ടില്‍ കയറില്ല എന്ന് വാശിപിടിച്ചു. തുടര്‍ന്ന് ബന്ധുക്കളോടൊപ്പം തിരിച്ചുപോകണമെന്ന് പറഞ്ഞ് ബഹളമായി.

ഒടുവില്‍ പ്രശ്‌നം പോലീസിനു മുന്നിലെത്തി. ഇതോടെയാണ് ഇവര്‍ പിണങ്ങിയതിനു പിന്നിലെ കഥയുടെ ചുരുളഴിയുന്നത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ വധുവിന്റെ ഫോണിലേക്ക് വന്ന ഒരു സന്ദേശവുമായി ബന്ധപ്പെട്ട് വധുവും വരനും തമ്മില്‍ വഴക്കിടുകയായിരുന്നു. കാമുകന്റെ മെസ്സേജ് ആയിരുന്നു ഇത്. ഇവര്‍ തമ്മിലുള്ള ചാറ്റും ഭര്‍ത്താവ് കണ്ടു. ഭര്‍ത്താവ് ഇതിന്റെ പേരില്‍ ഭാര്യയെ ചോദ്യം ചെയ്തു. ഒന്നും രണ്ടും പറഞ്ഞ് ഇരുവരും തമ്മില്‍ ഉടക്കി. ഇതോടെ തനിക്കിനി ഭര്‍ത്താവിന്റെ കൂടെ ജീവിക്കാന്‍ പറ്റില്ലെന്ന് യുവതി വാശിപിടിച്ചു. വീട്ടുപടിക്കല്‍ എത്തിയിട്ടും വീട്ടില്‍ കയറാതെ അവള്‍ വാശി പിടിച്ചു.

അതോടെ പെണ്‍വീട്ടുകാരെ വിളിച്ചു വരുത്തുകയും സംഭവം പൊലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തു. പൊലീസ് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും വധു തീരുമാനത്തില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് താലിമാല തിരിച്ചുതരണമെന്നായി വരന്റെ വീട്ടുകാര്‍. മാല ഊരി നല്‍കിയ യുവതി തനിക്ക് പട്ടാമ്ബിക്കാരനായ കാമുകനോടൊപ്പം പോകാനാണ് താല്‍പര്യം എന്ന് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പട്ടാമ്ബിയിലുള്ള കാമുകനെ പൊലീസ് ബന്ധപ്പെട്ടപ്പോള്‍ രണ്ടുവര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയുമായി ബന്ധപ്പെട്ടതെന്നും പ്രണയത്തിലാണെന്നും അയാള്‍ പറഞ്ഞു. കടം വാങ്ങിയാണ് തങ്ങള്‍ മകളുടെ വിവാഹം കഴിപ്പിച്ചതെന്നും തങ്ങളെ അപമാനിച്ച മകളെ വേണ്ടെന്നും പറഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും യുവതിയെ പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ച്‌ സ്ഥലം വിടുകയും ചെയ്തു. വൈകിട്ടോടെ കാമുകനും അമ്മയും ബന്ധുക്കളും തളിപ്പറമ്ബ് പൊലീസ് സ്റ്റേഷനില്‍ എത്തി യുവതിയുമായി മടങ്ങി.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2