തിരുവനന്തപുരം: ബി.ജെ.പിയുടെ സിറ്റിംഗ് മണ്ഡലമായ നേമത്ത് കെ. മുരളീധരനെ ഇറക്കി അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം ശക്തമായ സന്ദേശം നല്‍കിയിട്ടും, പ്രചാരണരംഗത്ത് പാര്‍ട്ടിയില്‍ നിന്ന് ആത്മാര്‍ത്ഥമായ ഇടപെടലുണ്ടായില്ലെന്ന ആക്ഷേപം ജില്ലയില്‍ കോണ്‍ഗ്രസിനകത്ത് ശക്തം.എങ്കിലും പാര്‍ട്ടിക്കകത്ത് നിന്നുണ്ടായ ‘കുത്തു’കളെ അതിജീവിച്ച്‌ നേമം പിടിക്കുമെന്നാണ് നേതൃത്വത്തിന് കെ. മുരളീധരന്റെ ഉറപ്പ്.

മാര്‍ച്ച്‌ 30ന് വൈകിട്ടാണ് പ്രിയങ്ക തലസ്ഥാനത്തെത്തിയത്. നേമത്ത് റോഡ്ഷോ നിശ്ചയിച്ചിരുന്നു. വൈകിട്ട് ആറ് മണിക്ക് പൂജപ്പുരയില്‍ ഹെലികോപ്റ്ററിലെത്തുമെന്ന സന്ദേശത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി മുരളീധരന്‍ അവിടെ കാത്തുനിന്നു. ഇരുട്ടായാല്‍ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ ബുദ്ധിമുട്ടാണെന്ന വിവരം സുരക്ഷാ ഉദ്യോഗസ്ഥരിലാരോ സ്ഥാനാര്‍ത്ഥിയെ അറിയിച്ചു. കാര്‍ മാര്‍ഗം കുണ്ടമണ്‍കടവിലെത്തുമെന്ന വിവരം പിന്നാലെയെത്തിയതോടെ, മുരളീധരന്‍ അവിടെയെത്തി. രാത്രി എട്ടര മണിയായിട്ടും എത്താതായപ്പോള്‍ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് നേരിട്ടെത്താനിടയുണ്ടെന്ന് ധരിച്ച്‌ മുരളീധരന്‍ ക്ഷേത്രത്തിന് മുന്നിലെത്തി. ചുമതലക്കാരായ ഡി.സി.സി തലപ്പത്തെ ഉന്നതരാണ് മുരളീധരനെ പൂര്‍ണമായും ഇരുട്ടില്‍ നിറുത്തിയതെന്നാണ് ആക്ഷേപം.

മുരളി കുണ്ടമണ്‍കടവില്‍ നിന്ന് പോയതിന് പിന്നാലെ പ്രിയങ്കയെയും കൂട്ടി നേതാക്കള്‍ കാറില്‍ അവിടെയെത്തി. എവിടെ മുരളീധരനെന്ന് പ്രിയങ്ക ആവര്‍ത്തിച്ച്‌ ചോദിച്ചിട്ടും കാറില്‍ ഒപ്പമുണ്ടായിരുന്ന ഡി.സി.സിയിലെ ഉന്നതന്‍ മിണ്ടാതിരുന്നുവത്രെ. കാറില്‍ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി വീണ നായരും പ്രിയങ്കയുടെ പ്രസംഗം പരിഭാഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ട ജ്യോതി വിജയകുമാറും ഉണ്ടായിരുന്നു. കാറിലിരുന്ന ആരും മുരളിയെ ഫോണില്‍ ബന്ധപ്പെടാന്‍ തയ്യാറാവാത്തതും മനഃപൂര്‍വം പ്രിയങ്കയെ നേമത്തെത്തിക്കാതിരിക്കാനുള്ള ഗൂഢനീക്കമായാണ് മുരളി ക്യാമ്ബ് സംശയിക്കുന്നത്.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചും പ്രിയങ്കയെ മുരളിയില്‍ നിന്ന് അകറ്റിനിറുത്താന്‍ ശ്രമമുണ്ടായെന്ന് പറയുന്നു. തിരക്ക് കാരണം പുറത്ത് മുരളീധരന്‍ കാത്തുനിന്നപ്പോള്‍, ക്ഷേത്രത്തിന്റെ പിറകുവശത്ത് കൂടി പ്രിയങ്കയെയും കൂട്ടി ജില്ലാ നേതാക്കള്‍ മടങ്ങുകയായിരുന്നു. പ്രിയങ്കയ്ക്കും വസ്തുത ബോദ്ധ്യപ്പെട്ടതിനാല്‍ പിറ്റേന്ന് മുരളീധരനെ ഫോണില്‍ ബന്ധപ്പെട്ട് അവര്‍ നേമത്തേക്ക് മാത്രമായി പ്രചാരണത്തിനെത്തുമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.എന്നാല്‍, ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ നിരീക്ഷണത്തില്‍ പോയതോടെ പ്രിയങ്കയുടെ വരവ് നടക്കാതെപോയി. പ്രിയങ്കയും ആവശ്യപ്പെട്ടാണ് പ്രചാരണസമാപന ദിവസം രാഹുല്‍ഗാന്ധി നേമത്തെത്തിയതും മുരളീധരന്റെ പ്രചാരണയോഗത്തില്‍ പങ്കെടുത്തതും.

ബി.ജെ.പി വിരുദ്ധപോരാട്ടത്തിന്റെ ശക്തമായ സന്ദേശമായാണ് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയതെങ്കിലും കെ.പി.സി.സി പ്രസിഡന്റ് നേമത്ത് പ്രചാരണത്തിനെത്താതിരുന്നതും കോണ്‍ഗ്രസ് ക്യാമ്ബില്‍ ചര്‍ച്ചയാണ്. എന്‍.എസ്.എസ് പിന്തുണയും കഴിഞ്ഞ തവണ ഒ. രാജഗോപാലിന് ലഭിച്ച നിഷ്പക്ഷ വോട്ടുകളും മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ പിന്തുണയും നേടി ജയിക്കുമെന്നും എസ്.ഡി.പി.ഐ പിന്തുണ ഇടതിന് അനുകൂലമായാലും ബാധിക്കില്ലെന്നുമാണ് മുരളിയുടെ കണക്കുകൂട്ടല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2