ഇന്ത്യ ഒരു ഫെഡറൽ ജനാധിപത്യ രാജ്യമാണ്. കേരളം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രബുദ്ധമായ ഒരു സംസ്ഥാനമാണ്. ഇന്ത്യയിലെവിടെയും എന്ന പോലെ കേരളത്തിലും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ ഭരണകൂടം ആണ് ഭരണം നടത്തുന്നത്. എന്നാൽ ചില കമ്മ്യൂണിസ്റ്റ് കുഴലൂത്തുകാരുടെ പെരുമാറ്റം കണ്ടാൽ പിണറായി വിജയൻ സായുധ വിപ്ലവത്തിലൂടെ ഭരണത്തിലേറിയ ഏകാധിപതി ആണ് എന്ന് തോന്നും. ചിലപ്പോഴൊക്കെ അദ്ദേഹത്തിനും ചില മിഥ്യ ധാരണകളുണ്ട്. അതിൻറെ ബഹിർസ്ഫുരണങ്ങൾ ആണ് ഊരിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ ഇന്ദ്രനെയും ചന്ദ്രനെയും ഭയപ്പെടാതെ നടന്നുപോയ കഥകളായി നാം പ്രസംഗങ്ങളിൽ കേൾക്കുന്നത്. അതെല്ലാം മലയാളിസമൂഹം ആസ്വദിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോ എന്താണ് നടക്കുന്നത്.?മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അദ്ദേഹത്തിൻറെ ഏറ്റവും വിശ്വസ്തനായ ഒരു ഉദ്യോഗസ്ഥ പ്രമാണിയുടെ ആശീർവാദത്തോടെ കേരള പുനർനിർമാണത്തിന് ഉള്ള ചില കരാറുകളിൽ കോടികളുടെ കമ്മീഷൻ കൈമാറൽ നടന്നു എന്ന് സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ വന്നപ്പോൾ മാധ്യമപ്രവർത്തകർ സ്വാഭാവികമായും അതിനെ കുറിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹത്തോട് പത്രസമ്മേളനത്തിൽ ചോദിച്ചു. വ്യക്തമായ ഉത്തരം പറയാത്തത് കൊണ്ട് ചോദ്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു. ഇതിൽ പ്രകോപിതനായ പിണറായി വിജയൻ രണ്ടുദിവസം തുടർച്ചയായി മാധ്യമപ്രവർത്തകരോട് കോപിച്ചു. രാജാവ് കോപിച്ചാൽ പിന്നെ പ്രജകൾ എന്ത് ചെയ്യണം. അശ്ലീലവും ശാപവും വെറുപ്പും നിറച്ച സന്ദേശങ്ങൾ കൊണ്ട് സൈബർ യുദ്ധഭൂമിയിൽ ആണെന്നോ പെണ്ണെന്നോ വേർതിരിവില്ലാതെ പ്രജകൾ മാധ്യമപ്രവർത്തകരെ ആക്രമിച്ചു. യഥാർത്ഥത്തിൽ ഇതല്ലേ ഏറ്റവും വലിയ അസഹിഷ്ണുത?

സ്വന്തം ഓഫീസിലെ ഉദ്യോഗസ്ഥ പ്രമാണി തൊഴിൽ സമ്മർദ്ദം കുറയ്ക്കുവാൻ കള്ളക്കടത്തുകാരിയുടെ വീട്ടിൽ, അതും സെക്രട്ടറിയേറ്റിൽ നിന്ന് വിളിച്ചാൽ കേൾക്കുന്ന ദൂരത്തുള്ള വീട്ടിൽ ഒളി സേവയ്ക്ക് പോയത് ഇൻറലിജൻസ് ഉൾപ്പെടെയുള്ള ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അറിഞ്ഞില്ല. മന്ത്രി പ്രമുഖന്മാർ വിദേശ കോൺസുലേറ്റും ആയി ബന്ധപ്പെട്ടുകൊണ്ട് രാജ്യത്തിൻറെ നിയമങ്ങളെ മാനിക്കാതെ മതഗ്രന്ഥങ്ങൾ സ്വന്തം മണ്ഡലങ്ങളിൽ വിതരണം ചെയ്തതും അറിഞ്ഞില്ല. പാർട്ടി സെക്രട്ടറിയുടെ മകൻ അറബിയെ പറ്റിച്ച കോടികളുമായി മുങ്ങുകയും അറബി കോടതിയിൽ കേസ് കൊടുത്തപ്പോൾ ചില വ്യവസായ പ്രമുഖൻമാരുടെ സഹായം സ്വീകരിച്ച് കാശുകൊടുത്ത് കേസ് ഒതുക്കി തീർത്തത് ഒരു വിഷയമല്ല. സ്വന്തം മകളുടെ കമ്പനിയുടെ ഉപദേശകനായി ഇരിക്കുന്നവർക്ക് പൊതുഖജനാവിൽനിന്ന് കോടാനുകോടികൾ കൺസൾട്ടൻസി തുക കൊടുക്കുന്നത് ഒരു കുറ്റമേ അല്ല.

പക്ഷേ ഇതിലുള്ള അധാർമികത മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചാൽ അപ്പോൾ തന്നെ അവർ സിൻഡിക്കേറ്റുകൾ ആയി, താൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് അട്ടിമറിക്കാനുള്ള ശ്രമമാണ് എന്നുള്ള ആരോപണമായി. അവരെ മെക്കിട്ടു കേറാൻ ആയി പത്രസമ്മേളനത്തിൽ പ്രത്യേകം സമയം നീക്കി വെച്ചു തുടങ്ങി. ഇതാണ് സർ അസഹിഷ്ണുത. ഇതിനെതിരെയാണ് സാർ നിങ്ങൾ മനുഷ്യ ചങ്ങല തീർത്തു സമരം ചെയ്യുന്നത്. എന്നിട്ട് ഇപ്പോൾ നിങ്ങൾ തന്നെ അസഹിഷ്ണതയുടെ ആൾരൂപം ആകുമ്പോൾ മാധ്യമപ്രവർത്തകർ എന്ത് ചെയ്യണമെന്ന് കൂടി അങ്ങുന്ന് വ്യക്തമാക്കണം.

പിന്നെ നിങ്ങൾ വ്യാഖ്യാനിക്കുന്ന കാഴ്ചപ്പാടല്ല ജനങ്ങൾക്ക്. കാരണം നിങ്ങളുടെ കാഴ്ചപ്പാട് ഐഎഎസ്സുകാരൻ ആയ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്യുമ്പോൾ അത് കൂടിക്കാഴ്ച നടത്തുന്നത് ആയിട്ടാണ്. മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറി മാധ്യമപ്രവർത്തകരെ അവഹേളിക്കുപോൾ മുഖ്യമന്ത്രിക്ക് തോന്നുന്നത് സംവാദം ആയിട്ടാണ്. അൽഭുതമില്ല സാർ, കാരണം ശബരിമലയിൽ സ്ത്രീകളെ കയറ്റുവാൻ മുൻപന്തിയിൽ നിന്ന മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ലോക്ക് ഡൗൺ കാലത്ത് ശബരിമല മുൻ മേൽ ശാന്തിയെ വിളിച്ചുവരുത്തി വീട്ടിൽ ശത്രുസംഹാരപൂജ നടത്തിയെന്ന ആരോപണം നേരിടുന്ന കാലത്ത് ഇതല്ല ഇതിനപ്പുറവും ഇവിടെ നടക്കും.

പക്ഷേ ഒന്നു പറയാനുണ്ട് ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത പിണറായി വിജയനെ അദ്ദേഹത്തിൻറെ ഭരണകാലത്ത് ഈ സംസ്ഥാനത്ത് നടക്കുന്ന തെറ്റായ പ്രവണതകളുടെ പേരിൽ വിമർശിക്കുവാൻ ഇവിടത്തെ മാധ്യമപ്രവർത്തകർക്കും ഭയമില്ല. കാരണം ഇത് കേരളമാണ്.. ഹൃദയ ശുദ്ധിയുള്ള മലയാളി പടുത്തുയർത്തിയ കേരളം. ഇവിടെ തെറ്റ് ചെയ്യാത്തവർ ആരെയും ഭയപ്പെടേണ്ട. മടിയിൽ കനം ഇല്ലെങ്കിൽ കനം ഉണ്ടോ എന്ന് ചോദിച്ചാൽ പ്രകോപിതർ ആകുകയും വേണ്ട.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2