കൊച്ചി; അനര്‍ഹര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതു തടയാനുള്ള നടപടിയുമായി സര്‍ക്കാര്‍. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവര്‍ പെന്‍ഷന്‍ വാങ്ങുന്നതു തടയാന്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നു ധനവകുപ്പ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മസ്റ്ററിങ് നിര്‍ബന്ധമാക്കിയിട്ടും ക്ഷേമപ്പെന്‍ഷന്‍ പട്ടികയില്‍ അനര്‍ഹര്‍ തുടരുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.

മാനദണ്ഡങ്ങളിലെ പഴുത് ഉപയോ​ഗിച്ചാണ് അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുന്നത്. ഒരു ലക്ഷം രൂപയാണ് വിവിധ ക്ഷേമപെന്‍ഷനുകളുടെ വാര്‍ഷിക കുടുംബ വരുമാന പരിധി. എന്നാല്‍ ഇതില്‍ കൂടുതല്‍ വരുമാനമുള്ളവരും പെന്‍ഷന്‍ വാങ്ങുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ അനര്‍ഹരെ പുറത്താക്കാന്‍ കഴിയുമെന്നാണ് ധനവകുപ്പ് കരുതുന്നത്. 48 ലക്ഷത്തോളം പേരാണ് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്.

വ്യാജരേഖയുണ്ടാക്കിയും സ്വാധീനം ഉപയോ​ഗിച്ചും തുടരുന്നവരെ കണ്ടെത്താന്‍ ജില്ലയിലെ ഇന്‍സ്പെക്ഷന്‍ വിഭാ​ഗത്തെ ചുമതലപ്പെടുത്തും. വിധവാ പെന്‍ഷനിലാണ് ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ നടക്കുന്നത്. പുനഃര്‍വിവാഹിതരായവരും ഭര്‍ത്താവ് ഉപേക്ഷിച്ചവരും വരെ വ്യാജരേഖകള്‍ ഹാജരാക്കി പെന്‍ഷന്‍ വാങ്ങിക്കുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ ലഭിച്ച പരാതികളില്‍ 60 ശതമാനവും ശരിയാണെന്നും കണ്ടെത്തി.