തിരുവനന്തപുരം : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം വരും. അതു കഴിഞ്ഞ് എന്തു നിയന്ത്രണം വേണമെന്നു രാഷ്ട്രീയ പാർട്ടികളുമായുള്ള യോഗത്തിൽ തീരുമാനിക്കും.

നാളെയും മറ്റന്നാളും വീട്ടിൽ തന്നെ കഴിയണം. ഈ ദിവസങ്ങൾ കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കാം. അനാവശ്യയാത്രയോ പരിപാടിയോ അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച വിവാഹം നടത്താം. ഹാളിൽ പരമാവധി 75ഉം, തുറസ്സായ സ്ഥലത്ത് 150പേർക്കും പ്രവേശനം. ഈ എണ്ണം പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങിൽ പരമാവധി 50പേർ. ചടങ്ങുകളിൽ ആകെ പങ്കെടുക്കുന്നവരുടെ എണ്ണമാണിത്. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നവർ ക്ഷണകത്തും തിരിച്ചറിയൽ കാർഡും കരുതണം. ദീർഘദൂര യാത്ര ഒഴിവാക്കണം.

വിവാഹം, മരണാനന്തര ചടങ്ങ്, അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, ആശുപത്രിയിൽ പോകൽ ഇതിനെല്ലാം അനുവാദമുണ്ട്. ഇവരെല്ലാം സ്വന്തമായി തയാറാക്കിയ സത്യപ്രസ്താവന കരുതണം. ഇതിനു മാതൃകയില്ല. ട്രെയിൻ, വിമാനസർവീസുകൾ ഉണ്ടായിരിക്കും. പൊലീസ് പരിശോധിക്കുമ്പോൾ ടിക്കറ്റ്, ബോഡിങ് പാസ്, തിരിച്ചറിയൽ കാർഡ് എന്നിവ കാണിക്കാവുന്നതാണ്. ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകൾക്കു ഹോം ഡെവിവറി നടത്താം.

അത്യാവശ്യ ഘട്ടങ്ങളിൽ സത്യപ്രസ്താവന കയ്യിൽ കരുതി ഹോട്ടലിൽ പോയി ഭക്ഷണം വാങ്ങാം. വീടുകളിൽ മത്സ്യം എത്തിക്കുന്നതിനു തടസ്സമില്ല. വിൽപ്പനക്കാർ മാസ്ക് ധരിക്കണം. നാളത്തെ ഹയർസെക്കൻഡറി പരീക്ഷ മുൻനിശ്ചയിച്ച പ്രകാരം നടക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും യാത്ര ചെയ്യാം. വിദ്യാർഥികളെ എത്തിക്കുന്ന രക്ഷകർത്താക്കൾ കൂട്ടംകൂടാതെ മടങ്ങണം. പരീക്ഷ കഴിയുമ്പോൾ ഇവർ എത്തിയാൽ മതിയാകും.

പരമാവധി ആളുകൾക്ക് വാക്സീൻ നൽകുന്നതാണ് മികച്ച പ്രതിരോധം. മേയ് 1 മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഘട്ടംഘട്ടമായി വാക്സീൻ നൽകും. വിവിധ പ്രായക്കാർക്കു വിവിധ സമയം അനുവദിക്കും.പ്രായഭേദമില്ലാതെ മറ്റു രോഗങ്ങളുള്ളവർക്കു മുൻഗണന നൽകും. വാക്സീൻ ലഭിക്കാത്തതിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തെ അറിയിച്ചു. സൗജന്യമായി വാക്സീൻ നൽകണമെന്നും കേരളം നിലപാടെടുത്തു. 400 രൂപയ്ക്ക് വാക്സീൻ വാങ്ങാൻ 1300 കോടി രൂപ ചെലവുവരും. ഇത് സംസ്ഥാനത്തിന് അധിക ബാധ്യത സ‍ൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2